വട്ടപ്പാറ: ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ബൈക്ക് ഇടിച്ചിട്ട ഷംനാദ്, അഖില്‍ എന്നിവരെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തതത്.
ഇവർ അലക്ഷ്യമായി വാഹനം ഓടിച്ചത് ബൈക്ക് യാത്രികൻ ചോദ്യംചെയ്തതാണ് പ്രകോപനത്തിനിടയാക്കിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ നടന്ന സംഭവത്തിൽ പരുക്കേറ്റ ചാത്തന്നൂർ സ്വദേശി അഖിൽ കൃഷ്ണൻ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്.
കാട്ടാക്കടയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് അഖിൽ കൃഷ്ണൻ. നെടുമങ്ങാടുനിന്ന് വെമ്പായം ഭാഗത്തേക്കു പോകുകയായിരുന്നു. പഴകുറ്റി ഭാഗത്തുവച്ചാണ് പ്രതികളുമായി തർക്കം ഉണ്ടാകുന്നത്. കാറിൽ മദ്യപിച്ചു യാത്ര ചെയ്യുകയായിരുന്നു പ്രതികൾ. അലക്ഷ്യമായ രീതിയിലായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇതേത്തുടർന്ന് മറ്റ് വാഹനങ്ങളിലെ യാത്രക്കാരുമായും തർക്കമുണ്ടായിരുന്നു.
ബൈക്കിനുകുറുകെ കാർ നിർത്തി അഖിൽ കൃഷ്ണനെ കയ്യേറ്റം ചെയ്യാനാണ് പ്രതികൾ ആദ്യം ശ്രമിച്ചത്. എന്നാൽ ഇയാൾ ബൈക്ക് എടുത്ത് മുന്നോട്ടുപോയി. അഖിൽ കൃഷ്ണനെ പിന്തുടർന്നെത്തിയ ഷംനാദും അഖിലും കാർ ഇടിപ്പിക്കുകയായിരുന്നു.