ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് നടത്തുന്നത് വലിയ ഇടപെടല്‍: മുഖ്യമന്ത്രി

IMG_20230417_215532_(1200_x_628_pixel)

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് വലിയ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ദ്രം മിഷന്‍ ജനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. സമൂഹത്തിലെ രോഗാതുരത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് നടപ്പാക്കി വരുന്നതാണ് വാര്‍ഷിക പരിശോധനാ പദ്ധതി.

പരിശോധനയ്ക്കുള്ള വിമുഖത മാറ്റി എല്ലാവരേയും ഇതിലേക്ക് കൊണ്ടുവരാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 വിതരണവും 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിന്റെ നാല് മിഷനുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഈ മിഷനുകള്‍ക്ക് വലിയ രീതിയിലുള്ള ജനപങ്കാളിത്തമുണ്ടായി. ആര്‍ദ്രം മിഷനാണ് കേരളത്തിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നത്. ആരോഗ്യ രംഗത്ത് എടുത്ത് പറയത്തക്ക മാറ്റം ഉണ്ടാക്കാന്‍ ആര്‍ദ്രം മിഷനിലൂടെ കഴിഞ്ഞു. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആ പ്രദേശത്തെ കുടുംബങ്ങളുമായി നേരിട്ട് ബന്ധമുണ്ടാകണം. ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന അവരുടെ ചികിത്സാ കേന്ദ്രമായി കുടുംബാരോഗ്യ കേന്ദ്രം മാറണം. അങ്ങനെ വരുമ്പോള്‍ ഡോക്ടറും രോഗിയും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടാകും. 100 ദിന കര്‍മ്മ പരിപാടിയില്‍ 50 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ആര്‍ദ്രം മിഷനിലൂടെ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടാകണം. ചില തദ്ദേശ സ്ഥാപനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

ആരോഗ്യ മേഖലയില്‍ വന്ന മാറ്റത്തിന്റെ ഗുണഫലം അനുഭവിക്കാന്‍ കഴിഞ്ഞവരാണ് നമ്മള്‍. ലോകം മുഴുവന്‍ കോവിഡ് വിറപ്പിച്ചപ്പോള്‍ പല വികസിത രാഷ്ട്രങ്ങളും മുട്ടുകുത്തിയപ്പോള്‍ കേരളത്തിന് നല്ല രീതിയില്‍ പിടിച്ചു നില്‍ക്കാനായത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ സര്‍ക്കാര്‍ ആര്‍ദ്രം മിഷനിലൂടെ ഇടപെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. കോവിഡ് മഹാമാരിയുടെ മൂര്‍ദ്ധന്യത്തില്‍ പോലും ആശുപത്രി കിടക്കകളും ഓക്‌സിജന്‍ കിടക്കകളും ഐസിയു വെന്റിലേറ്ററുകളും ഒഴിഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. നമ്മുടെ നാടിനെക്കുറിച്ച് പരാതികള്‍ ഉന്നയിച്ചവരില്‍ പലരും കോവിഡ് വ്യാപിച്ചപ്പോള്‍ ഇവിടുത്തെ ആരോഗ്യ സംവിധാനത്തേയാണ് ആശ്രയിച്ചത്. നമ്മുടെ ആരോഗ്യ രംഗം നല്ല രീതിയില്‍ ഏത് മാരക രോഗങ്ങളേയും പകര്‍ച്ച വ്യാധികളേയും നേരിടാനുള്ള കരുത്താര്‍ജിച്ചു.

വികസനക്ഷേമ പദ്ധതികള്‍ ഒരേപോലെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് നാടിന്റെ വികസനത്തില്‍ വലിയ കരുത്ത് പകരും. ഇപ്പോള്‍ ദരിദ്രാവസ്ഥയിലുള്ളവര്‍ കുറവുള്ള നാടാണ് കേരളമെങ്കിലും അതില്‍ നിന്നും പരമ ദാരിദ്ര നിര്‍മാര്‍ജനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായി എല്ലാവരും നന്നായി മുന്‍കൈയ്യെടുക്കണം. ഓരോ വിഭാഗത്തിന്റേയും പ്രത്യേക പ്രശ്‌നങ്ങള്‍ മനസിലാക്കി നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ അവരെ പരമ ദരിദ്രാവസ്ഥയില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയണം. പരമദരിദ്രരില്ലാത്ത നാടായി കേരളം മാറണം.

ചികിത്സാ സൗകര്യങ്ങളും രോഗനിര്‍ണയ സൗകര്യങ്ങളും ഒരുക്കുന്നതോടൊപ്പം തന്നെ ഏറെ പ്രധാന്യമുള്ളതാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നത്. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 42 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കിയിരിക്കുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന 21 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രസഹായം ലഭ്യമാക്കുന്നത്. ഇതിനായി 138 കോടി രൂപ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചിലവഴിച്ചത് 1,630 കോടി രൂപയാണ്. അതായത്, പദ്ധതിയുടെ 90 ശതമാനത്തിലധികം ചിലവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത് എന്നര്‍ത്ഥം.

കൂടുതല്‍ മികവിലേക്ക് ആരോഗ്യമേഖലയെ നയിക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ്. 2016ല്‍ ആരോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 665 കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് നാലിരട്ടിലധികം വര്‍ധിച്ച് 2,828 കോടി രൂപയിലെത്തി നില്‍ക്കുന്നു. വര്‍ത്തമാനകാല പ്രതിസന്ധികളെ നേരിട്ടുകൊണ്ടുതന്നെ വരുംകാലത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക തന്നെ ചെയ്യും എന്ന് അടിവരയിട്ടുറപ്പിക്കുന്നതാണ് ഈ കണക്കുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ദ്രം മിഷനിലൂടെ ദൃശ്യമായ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശുപത്രികളെ ജനസൗഹൃദവും രോഗീ സൗഹൃദവുമാക്കുകയാണ് ലക്ഷ്യം. ആര്‍ദ്രം മിഷന്‍ രണ്ടിലൂടെ 10 കാര്യങ്ങള്‍ ലക്ഷ്യമിടുന്നു. പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിച്ച് 885 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ 630 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും 6 മണിവരെ ഒപി ഉണ്ടാകണം. എങ്കില്‍ മാത്രമേ പൂര്‍ണമായി സേവനം ലഭ്യമാക്കാനാകൂ.

160 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ്. ലഭിച്ചു. 10 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ആശുപത്രികളില്‍ മികച്ച ചികിത്സ ഉറപ്പാക്കുന്നതിന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് നടപ്പിലാക്കി. 38 ആശുപത്രികളെ ജനകീയ പങ്കാളിത്തത്തോടെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. രാജ്യത്ത് ആദ്യമായി ആന്റിബയോഗ്രാം പുറത്തിറക്കി. ഓക്‌സിജന്‍ ഉത്പാദനത്തില്‍ ആശുപത്രികളെ സ്വയംപര്യാപ്തമാക്കി. രാജ്യത്ത് ആദ്യമായി ഏകാരോഗ്യം നടപ്പിലാക്കി. ഡിജിറ്റലൈസേഷനിലൂടെ ആധുനികവത്ക്കരണത്തിന്റെ പുതിയ തലത്തിലേക്ക് ആരോഗ്യ വകുപ്പെത്തി. കാന്‍സര്‍ ചികിത്സാ രംഗത്തും വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. വാര്‍ഷിക പരിശോധനയിലൂടെ 30 വയസിലൂടെ 1.12 കോടിയോളം പേരെ സ്‌ക്രീന്‍ ചെയ്യാന്‍ സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ഐ.എസ്.എം. ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. കെ. ജമുന, വാര്‍ഡ് കൗണ്‍സിലര്‍ ഡോ. കെ.എസ്. റീന എന്നിവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!