കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ഉണ്ടായതിന് പിന്നാലെ ഓട്ടോ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി, പരാതിയുമായി കുടുംബം

IMG_20230418_21465484

തിരുവനന്തപുരം: കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ഉണ്ടായതിന് പിന്നാലെ ഓട്ടോ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.വിഴിഞ്ഞം ഉച്ചക്കട എസ് എസ് നിവാസിൽ ആദർശ് എസ് എസ്(21)  ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.

കാറുകാരൻ  48,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിൽ മനംനൊന്താണ് ആദർശ് ആത്മഹത്യ ചെയ്തതെന്ന് കുടുംബത്തിന്റെ പരാതി.

വെള്ളിയാഴ്ച രാത്രി 7 മണിയോടെ ഉച്ചക്കട – പയറ്റുവിള റോഡിൽ ഹനുമാൻ സ്വാമി ക്ഷേത്രത്തിന് സമീപം വെച്ച് ആദർശ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയും ഒരു സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിച്ചിരുന്നു.  കാറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ ആദർശിന് കാലിന് പരിക്ക് പറ്റി.  തുടർന്ന് കാർ ഓടിച്ചിരുന്ന യുവാവ് ഓട്ടോറിക്ഷ ലൈറ്റ് ഇല്ലാതെ വന്ന് ഇടിച്ചതാണെന്നും അതിനാൽ വാഹനം കണ്ടില്ലെന്നും ആദർശ് മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും തടിച്ചുകൂടിയ നാട്ടുകാർക്ക് മുന്നിൽ ആരോപണം ഉന്നയിച്ചു.  അപകടത്തിൽ കാറിനും ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ഇൻഷുറൻസ് ക്ലെയിം ചെയ്യാമെന്ന് ആദർശ് പറഞ്ഞെങ്കിലും കാർ ഓടിച്ചിരുന്ന യുവാവ് ഇതിന് തയ്യാറായില്ല. തനിക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് ആണ് ഉള്ളത് എന്നും അതിനാൽ വാഹനം അറ്റകുറ്റപ്പണികൾ ചെയ്യാൻ 48,000 നഷ്ടപരിഹാരം വേണമെന്നും യുവാവ് ആദർശിനോട് ആവശ്യപ്പെട്ടതായി കുടുംബം പറയുന്നു

അപകട സ്ഥലത്തിന് സമീപം ആണ് ആദർശിന്റെ വീട്. വീട്ടിൽ നിന്ന് പോകുന്ന വഴിക്കാണ് അപകടം എന്ന് ബന്ധുക്കൾ പറയുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആദർശിന്റെ സഹോദരൻ അനൂപ് എന്ത് ചെയ്യണമെന്ന് അറിയാതെ ഭയന്ന് നിന്ന ആദർശിനോട് വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിനോടും കാറോടിച്ചിരുന്ന യുവാവിനോടും അനൂപ് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്ന കാര്യങ്ങൾ ചർച്ചചെയ്തെങ്കിലും കാർ ഓടിച്ചിരുന്ന യുവാവ് വാഹനത്തിന് നഷ്ടപരിഹാരം വേണമെന്ന നിലപാടിൽ ഉറച്ചുനിന്നു. ഇതിനിടയിൽ വീട്ടിലേക്ക് പോയ ആദർശിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എത്തിയ പിതൃ സഹോദരനാണ് ആദർശ് വീടിനുള്ളിൽ തൂങ്ങി നിൽക്കുന്നത് കാണുന്നത്. ഉടനെ അദ്ദേഹം അപകട സ്ഥലത്ത് ഓടിയെത്തി ആദർശിൻ്റെ സഹോദരൻ അനൂപിനോടും നാട്ടുകാരോടും വിവരം പറഞ്ഞു. ഇവർ എത്തി ആദർശിനെ ഉടൻ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അന്ന് രാത്രി തന്നെ അപകടത്തിൽപ്പെട്ട കാർ സ്ഥലത്തുനിന്ന് മാറ്റിയതായി ആദർശിന്റെ കുടുംബം ആരോപിക്കുന്നു. കാറോടിച്ചിരുന്ന വ്യക്തി നാട്ടുകാർക്ക് മുമ്പിൽ വച്ച് അധിക്ഷേപിച്ചതും അമിതമായ തുക ആവശ്യപ്പെട്ടതിലുമുള്ള മാനസിക സംഘർഷവും മനോവിഷമവും ആണ് ആദർശിൻ്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. സമീപത്തെ സിസിടിവി ക്യാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ബൈക്കിന് ഓവർടേക്ക് ചെയ്ത് വരുന്ന ഓട്ടോറിക്ഷയും എതിർദിശയിൽ നിന്ന് വരുന്ന കാറും കൂട്ടിയിടിക്കുന്നതും തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു സമീപത്തെ പോസ്റ്റിൽ ഇടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ കാർ ഓടിച്ചിരുന്ന യുവാവിന്റെ ആരോപണം തള്ളി ഓട്ടോറിക്ഷ ഹെഡ് ലൈറ്റ് ഇട്ടാണ് വന്നതെന്ന് ദൃശ്യങ്ങളിൽ കാണാൻ കഴിയും. കാർ ഓടിച്ചിരുന്ന യുവാവിന്റെ അധിക്ഷേപം കാരണമാണ് ആദർശ് ആത്മഹത്യ ചെയ്തതെന്നും സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയതായി മരിച്ച ആദർശിന്റെ സഹോദരൻ അനൂപ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular