താലൂക്ക്തല അദാലത്തിന് ഒരുങ്ങി ജില്ല; മെയ് രണ്ടിന് തിരുവനന്തപുരം താലൂക്കിൽ തുടക്കം

IMG-20230427-WA0071

ലഭിച്ചത് പതിനാലായിരത്തോളം അപേക്ഷകൾ; ഏറ്റവും അധികം അപേക്ഷകൾ ലഭിച്ച ജില്ലയായി തിരുവനന്തപുരം

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ മെയ് രണ്ടു മുതൽ 11 വരെ താലൂക്ക് തലത്തിൽ നടക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന് സജ്ജമായി തലസ്ഥാന ജില്ല. അദാലത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിൽ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിലയിരുത്തി. ജില്ലയിലെ ആറ് താലൂക്കുകളിൽ നിന്നായി ലഭിച്ച 13,945 അപേക്ഷകളിൽ, പരമാവധി എണ്ണത്തിൽ പൂർണ്ണമായ പരിഹാരം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രിമാർ പറഞ്ഞു. തീര സദസ്സ്, വനസൗഹൃദ സദസ്സ് എന്നിവയിൽ ലഭിച്ച പരാതികൾ കൂടി ഉൾപ്പെടുത്തിയാൽ അപേക്ഷകളുടെ എണ്ണം 20,000 കടക്കും. തിരുവനന്തപുരം 1,923, നെയ്യാറ്റിൻകര 1,912, നെടുമങ്ങാട് 3,103, ചിറയിൻകീഴ് 2,243, കാട്ടാക്കട 1,713, വർക്കല 2,052 എന്നിങ്ങനെയാണ് താലൂക്ക് തലത്തിൽ ലഭിച്ച പരാതികളുടെ കണക്ക്. ലഭിച്ച പരാതികൾ അതത് വകുപ്പുകളിലേക്ക് കൈമാറിയാണ് പരിഹാരം കാണുന്നത്. ഏറെക്കാലമായി തീർപ്പാകാതെ കിടന്ന നിരവധി പരാതികൾക്കും അദാലത്തിൽ പരിഹാരം ഉണ്ടാകും.

മെയ് രണ്ടിന് തിരുവനന്തപുരം താലൂക്കിലാണ് ആദ്യ അദാലത്ത് നടക്കുക. എസ്. എം .വി സ്കൂൾ ആണ് അദാലത്ത് വേദി. മെയ് നാലിന് നെയ്യാറ്റിൻകര, മെയ് ആറിന് നെടുമങ്ങാട്, മെയ് എട്ട് ചിറയിൻകീഴ്, മെയ് ഒമ്പത് കാട്ടാക്കട, മെയ് 11 വർക്കല, എന്നിങ്ങനെയാണ് അദാലത്ത് തീയതികൾ. മൂന്നു മന്ത്രിമാരും പരാതികൾ പരിഹരിക്കാൻ അദാലത്ത് വേദികളിൽ മുഴുവൻ സമയവും ഉണ്ടാകും. അദാലത്ത് വേദിയിൽ മൂന്നു മന്ത്രിമാർക്കും പ്രത്യേക ഡയസ്, ഇൻഫർമേഷൻ സെൻറർ, വിവിധ കൗണ്ടറുകൾ എന്നിവ ഉണ്ടാകും. ഭിന്നശേഷിക്കാർ, പ്രായമായവർ, ശാരീരിക അവശതകൾ ഉള്ളവർ എന്നിവർക്ക് ആദ്യ പരിഗണന നൽകും. അദാലത്ത് വേദിക്ക് സമീപം ശുചിമുറി, കുടിവെള്ളം, അടിയന്തര വൈദ്യസഹായം എന്നിവയുമുണ്ടാകും. സെക്രട്ടറിയേറ്റ് ലയം ഹാളിൽ നടന്ന യോഗത്തിൽ മന്ത്രിമാരെ കൂടാതെ ഒ. എസ് അംബിക എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എ .ഡി . എം അനിൽ ജോസ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular