തിരുവനന്തപുരം : കരിക്കകം ദേവീ ക്ഷേത്രത്തിനു സമീപം വീട് കുത്തിത്തുറന്ന് 75 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. ടി.സി 91/2834 അമ്പാടിയിൽ എസ്.വി. പ്രജിത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. പ്രജിത്തും കുടുംബവും മണക്കാടുള്ള ബന്ധുവിന്റെ വീട്ടിൽ പോയ സമയത്തായിരുന്നു സംഭവം നടന്നത്. വ്യാഴം രാത്രി 10.30നും പുലർച്ചെ 4നും ഇടയിലായിരുന്നു മോഷണം. രണ്ടു നില വീടിന്റെ ഓപ്പൺ ടെറസിൽ തുറന്നു കിടന്നിരുന്ന കിളിവാതിൽ വഴിയാണ് മോഷ്ടാവ് അകത്തു കയറിയത്. രണ്ടാം നിലയിൽ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന എല്ലാ ആഭരണങ്ങളും നഷ്ടമായി. പ്രജിത്തും കുടുംബവും രാത്രി 10.30നാണ് വിട് പൂട്ടി പോയത്. പുലർച്ചെ 3ന് ശബ്ദം കേട്ട് താഴത്തെ നിലയിൽ വാടകയ്ക്കു താമസിക്കുന്നവരാണ് പ്രജിത്തിനെ വിവരം അറിയിച്ചത്.നാലോടെ പ്രജിത്ത് വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. പിന്നീട് പൊലിസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പേട്ട പൊലീസ് കേസെടുത്തു.
