നേമം: വിളവൂർക്കൽ പഞ്ചായത്തിൽ കുരങ്ങുശല്യം രൂക്ഷമായി തുടരുന്നതിനിടെ വീടുകളിൽനിന്ന് പുറത്തിറങ്ങാനാകാതെ നിരവധി കുടുംബങ്ങൾ വലയുകയാണ്. പഞ്ചായത്ത് പരിധിയിലെ മൂലമൺ, വേങ്കൂർ, വിഴവൂർ, ചൂഴാറ്റുകോട്ട, മലയം എന്നീ വാർഡുകളിൽ കുരങ്ങന്മാർ യഥേഷ്ടം വിഹരിക്കുകയാണ്. മൂക്കുന്നിമലയുടെ ഏറ്റവും അടുത്തുകിടക്കുന്ന വാർഡുകളാണിവ. ആഹാരസാധനങ്ങളും പാത്രങ്ങളും എടുത്തുകൊണ്ടു പോകുന്നതാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. വ്യാപകമായി കൃഷി നശിപ്പിക്കുന്നത് മറ്റൊരു പ്രശ്നം. വാഴ, മരച്ചീനി, തെങ്ങ് എന്നിവക്കുപോലും കുരങ്ങന്മാർ ഭീഷണി സൃഷ്ടിക്കുന്നു.
ജനങ്ങൾ സമരരംഗത്ത് ഇറങ്ങുമെന്നായതോടെ വിളവൂർക്കൽ പഞ്ചായത്ത് കുരങ്ങന്മാരെ പിടികൂടുന്നതിന് പ്രത്യേകം കൂടുകൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ചില വാർഡുകളിൽ സ്ഥാപിച്ചിട്ടുള്ള കൂടുകളിൽ ഒരു ദിവസം അഞ്ച് കുരങ്ങന്മാർവരെ വീണിട്ടുണ്ട്. പരുത്തിപ്പള്ളി ഫോറസ്റ്റ് അധികൃതരുടെ അറിവോടുകൂടി ഇവയെ പേപ്പാറ വനാതിർത്തിയിൽ കൊണ്ടുവിടുകയാണ് ചെയ്യുന്നത്. ഒരിക്കൽ കൂടുകളിൽ വീണ് കഴിഞ്ഞാൽ പിന്നെ പേടിമൂലം കുരങ്ങന്മാർ ഈ പ്രദേശത്തേക്ക് വരില്ലെന്ന കണക്കുകൂട്ടലിലാണ് പഞ്ചായത്ത് അധികൃതർ. പക്ഷേ, ഇപ്പോഴും ശല്യത്തിന് യാതൊരു കുറവുമില്ല. കുരങ്ങുകളുടെ ആക്രമണത്തിൽ പരിക്കേറ്റവരും ഇപ്പോൾ പരിക്കേൽക്കുന്നവരും നിരവധിയാണ്.