തിരുവനന്തപുരം: നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ വധശ്രമം ,അടിപിടി തുടങ്ങിയ കേസുകളിലെ പ്രതികളും പിടികിട്ടാപുളളിയുമായ വെട്ടുകാട് സ്വദേശി സുജിത് എന്ന കൊച്ചു സുഭാഷിനെയും(38) കൂട്ടാളിയുമായ വഞ്ചിയൂർ കവറടി സ്വദേശി വിഘ്‌നേഷിനെയും (21) വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. മാധവപുരം സ്വദേശിയായ ഹരികുമാറിനെ ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കഴിഞ്ഞ ദിവസം വലിയതുറ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. അടിപിടി,കൊലപാതകം, സ്ത്രീകൾക്ക് നേരെയുളള ആക്രമണം, കവർച്ച അടക്കമുളള കേസുകളിൽ പ്രതിയാണ് ഇവരെന്ന് വലിയതുറ പൊലീസ് പറഞ്ഞു. ശംഖുംമുഖം എ.സി.പി ഡി.കെ.പൃഥ്വിരാജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വലിയതുറ എസ്.എച്ച്.ഒ. ജി.എസ്.രതീഷ്,എസ്.ഐമാരായ അജേഷ്, ഇൻസമാം,സി.പി.ഒ.മാരായ ഷിബി,രഞ്ചിത് എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
