വിഴിഞ്ഞം:കോവളം ലൈറ്റ് ഹൗസ് ബീച്ചിന് സമീപം10 വയസുകാരിയുടെ കാൽ ഓടയിലെ സ്ളാബിനുള്ളിൽ കുടുങ്ങി. കഴിഞ്ഞ ദിവസം വൈകിട്ട് 6.45 ഓടെയാണ് സംഭവം. നെടുമങ്ങാട് ചരുവിള വീട്ടിൽ ശ്രീഗണേഷ് – മഞ്ചു എന്നിവരുടെ മകളുടെ കാലാണ് സ്ലാബിനുള്ളിൽ കുടുങ്ങിയത്. വിഴിഞ്ഞത്ത് നിന്ന് ഫയർ ഫോഴ്സ് എത്തി ഹൈഡ്രോളിക്ക് കട്ടറിന്റെ സഹായത്തോടെ സ്ളാബ് മുറിച്ച് കുട്ടിയുടെ കാൽ പുറത്തെടുത്തു. വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകി. വിഴിഞ്ഞത്തെ ബന്ധുവീട്ടിൽ എത്തിയ ശേഷം കോവളം ലൈറ്റ് ഹൗസ് കാണാൻ എത്തിയതായിരുന്നു കുട്ടി.വാഹനം വരുന്നതുകണ്ട് ഒതുങ്ങി നിൽക്കവേ കാൽ സ്ലാബിൽ കുടുങ്ങുകയായിരുന്നുവെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ഏംഗൽസ്, ജസ്റ്റിൻ,ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ഷിബി, സന്തോഷ്, അനീഷ്, പ്രതീഷ്, മിഥുൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.