തിരുവനന്തപുരം: കിന്‍ഫ്ര പാര്‍ക്കില്‍ വന്‍തീപിടിത്തം. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. തീയണക്കാനുള്ള ശ്രമത്തിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചു. ചാക്ക ഫയര്‍ ഫോഴ്‌സ് യൂണിറ്റിലെ ഫയര്‍മാന്‍ ആറ്റിങ്ങല്‍ കരിച്ചിയിൽ ജെ എസ് നിവാസിൽ രഞ്ജിത്താണ്(32)മരിച്ചത്.
തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞു വീണാണ് രഞ്ജിത്ത് മരിച്ചത്. രഞ്ജിത്തിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ആറ് വര്‍ഷമായി ഫയര്‍ സര്‍വ്വീസില്‍ ജീവനക്കാരനാണ് രഞ്ജിത്ത്.
പുലര്‍ച്ചെ 1.30-ന് വലിയ ശബ്ദത്തോടെ ഗോഡൗണില്‍ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. തീപിടിത്തത്തില്‍ രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. ജില്ലയിലെ മുഴുവന്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റും അപകടസ്ഥലത്തെത്തിയിരുന്നു.