തിരുവനന്തപുരം: കോട്ടയ്‌ക്കകത്ത് സാങ്കേതിക വിദ്യാഭ്യാസ ഡയറക്‌ടറുടെ കാര്യാലയത്തിൽ ആർക്കും പ്രയോജനപ്പെടാതെ കിടക്കുന്ന പാഠപുസ്‌തക വിഭാഗത്തിന്റെ ബസ് ജീവനക്കാർക്കും സന്ദർശകർക്കും തലവേദനയാകുന്നു.
അഞ്ച് വർഷത്തിലേറെയായി ഉപയോഗിക്കാതെ കിടക്കുന്ന ബസ് നിലവിൽ തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലാണ്. പ്ലാസ്റ്റിക്ക് ഉൾപ്പെടയുളള മാലിന്യങ്ങളാണ് വാഹനത്തിനുളളിൽ നിറഞ്ഞിരിക്കുന്നത്. ബസ് കിടക്കുന്ന സ്ഥലം കാടുപിടിച്ച അവസതിയിലാണ്. നിലവിൽ ഈ വാഹനം പരസ്യം പതിക്കാനുളള സ്ഥലം മാത്രമായി മാറിയിരിക്കുകയാണ്. ബസ് കുറുകേ കിടക്കുന്നതിനാൽ ഓഫീസിലെ ജീവനക്കാർ ഒരുക്കിയ ജൈവത്തോട്ടവും പൂന്തോട്ടവും വേണ്ട രീതിയിൽ പരിപാലിക്കാനാകുന്നില്ലെന്നും പരാതിയുണ്ട്. ടെക്സ്റ്റ് ബുക്ക് ഡിപ്പോയിൽ നിന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് പുസ്‌തകങ്ങൾ വിതരണം ചെയ്യാനെത്തുന്ന ലോറികൾക്കും ബസ് വഴിമുടക്കിയാണ്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്‌ടറുടെ ഓഫീസ്, ഡെപ്യൂട്ടി ഡയറക്‌ടർ ഒഫ് എഡ്യൂക്കേഷൻ ഓഫീസ്, ടെക്സ്റ്റ് ബുക്ക് ഓഫീസ്, ടെക്സ്റ്റ് ബുക്ക് ഡിപ്പോ എന്നിങ്ങനെ നാല് വിഭാഗങ്ങളാണ് കാര്യാലയത്തിൽ പ്രവർത്തിക്കുന്നത്.