തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസ് പൂർണമായും ഗതാഗതത്തിന് തുറന്നു.ബൈപ്പാസിന്റെ ആദ്യഘട്ടം മുക്കോലവരെ വർഷങ്ങൾക്ക് മുൻപ് പണി പൂർത്തിയാക്കിയെങ്കിലും അടുത്തകാലത്താണ് തുറന്നത്. തുടർന്ന് രണ്ടാംഘട്ടമായി പുന്നക്കുളത്തെ നിർമാണം പൂർത്തിയാക്കി.
പഴയകട മണ്ണക്കലുവരേയും തുറന്നിരുന്നു. അവസാനഘട്ടത്തിലാണ് മണ്ണക്കല്ലുമുതൽ കാരോട് വരെ ഇപ്പോൾ തുറന്നിരിക്കുന്നത്.43-കിലോമീറ്റർ ദൂരമാണ് കഴക്കൂട്ടം-കാരോട് ബൈപ്പാസിനുള്ളത്.
അതിൽ 16.05 കിലോമീറ്റർ റോഡാണ് അവസാനഘട്ടത്തിൽ പണി പൂർത്തിയാക്കിയത്. മുക്കോല മുതൽ കാരോട് വരെ പൂർണമായും കോൺക്രീറ്റ് റോഡാണ് നിർമിച്ചിരിക്കുന്നത്.
ബൈപ്പാസ് ഗതാഗതത്തിനായി തുറന്നുകൊടുത്തുവെങ്കിലും സർവീസ് റോഡുകൾ, സിഗ്നൽ ലൈറ്റുകൾ, വൈദ്യുത വിളക്കുകൾ തുടങ്ങിയവ പലയിടത്തും സ്ഥാപിച്ചിട്ടില്ല.
ഔദ്യോഗിക ഉദ്ഘാടനത്തിന് കാത്ത് നിൽക്കാതെയാണ് വാഹനയാത്രയ്ക്കായി റോഡ് തുറന്നുകൊടുത്തിട്ടുള്ളത്.