തിരുവനന്തപുരം :പ്രീ പ്രൈമറി, പ്രൈമറി മേഖലകളിൽ കൂടുതൽ ഊന്നൽ നൽകിയുള്ള മുന്നോട്ടുപോക്കാണ് ഈ അക്കാദമിക വർഷം ലക്ഷ്യമിടുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.
പ്രീ പ്രൈമറി രംഗത്ത് കൂടുതൽ സ്കൂളുകളെ ആധുനികവൽക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ണന്തല ഗവൺമെൻറ് ഹൈസ്കൂളിലെ മാതൃക പ്രീ പ്രൈമറി വർണ്ണക്കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തുടനീളം 440 പ്രീ പ്രൈമറി സ്കൂളുകളിൽ പൂർത്തിയാക്കി വരുന്ന വർണ്ണ കൂടാരം പദ്ധതി ഈ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു.
കുട്ടികളുടെ ഭാവി ജീവിതം ഏറ്റവും മികവുറ്റതാക്കാൻ പ്രാപ്തമാക്കുന്ന ശൈശവകാല അനുഭവങ്ങൾ ഒരുക്കാനാണ് പ്രീ പ്രൈമറി വിദ്യാഭ്യാസരംഗത്ത് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നത്. അതിൻറെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള പ്രീസ്കൂൾ പഠനാന്തരീക്ഷം ഒരുക്കാനുള്ള പദ്ധതികളാണ് ഇതുവഴി നടപ്പാക്കുന്നത്.
ഘട്ടം ഘട്ടമായി കേരളത്തിലെ മുഴുവൻ പ്രീ പ്രൈമറി സ്കൂളുകളിലും ഈ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. വർണ്ണ കൂടാരം മാതൃകാപ്രീപ്രൈമറി സ്കൂൾ പരിപാടിയിലൂടെ സംസ്ഥാനത്തെ 600 ലധികം പ്രീപ്രൈമറി സ്കൂളുകളിൽ അന്താരാഷ്ട്ര നിലവാരമുള്ള പ്രീസ്കൂൾ പഠനാന്തരീക്ഷം ഒരുക്കാൻ സാധിച്ചിട്ടുണ്ട്.
കുട്ടികൾക്ക് സന്തോഷത്തോടെയും അവരുടെ അഭിരുചിക്ക് അനുസരിച്ചും കളികളിൽ ഏർപ്പെടാൻ കഴിയുന്ന വിശാലവും ശിശു സൗഹൃദവും ആയ പ്രവർത്തന ഇടങ്ങൾ ഒരുക്കുക എന്നതാണ് പദ്ധതിയിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്.
കുഞ്ഞുങ്ങളുടെ ഭാഷാശേഷി വളർത്താൻ സഹായിക്കുന്ന ഭാഷാ വികാസ ഇടം, ലഘു ശാസ്ത്ര പരീക്ഷണങ്ങൾക്കും നിരീക്ഷണത്തിനും അവസരം നൽകുന്ന ശാസ്ത്രയിടം, കളികളിലൂടെ കണക്കിന്റെ ആദ്യപാഠങ്ങൾ ലഭ്യമാക്കുന്ന ഗണിതയിടം തുടങ്ങി കുട്ടിയുടെ സർവ്വതോൻമുഖ വികാസത്തിനു സഹായിക്കുന്ന 13 പ്രവർത്തന ഇടങ്ങളാണ് ഓരോ സ്കൂളിലും സജ്ജമാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീന, വാർഡ് കൗൺസിലർ വനജാ രാജേന്ദ്ര ബാബു, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു