തിരുവനന്തപുരം: പോക്‌സോ കേസില്‍ പ്രതിയായ ബിജെപി എംപിയും റെസ് ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് വനിതാ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് എസ്ഡിപിഐ രാജ്ഭവനിലേക്ക് മാരത്തോണ്‍ സംഘടിപ്പിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തു നിന്നാരംഭിച്ച മാര്‍ച്ച് രാജ്ഭവനു മുമ്പില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന ഐക്യദാര്‍ഢ്യസംഗമം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരാളെയടക്കം വനിതാ ഗുസ്തി താരങ്ങളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്ന അതീവ ഗൗരവതരമായ കേസില്‍ കേന്ദ്ര ബിജെപി ഭരണകൂടം തുടരുന്ന മൗനം ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു.
പോക്‌സോ കേസ് ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ബ്രിജ് ഭൂഷനെതിരേ ചുമത്തിയിട്ടുള്ളത്. വ്യാജ ആരോപണങ്ങളുടെ പേരില്‍ പോലും നിരപരാധികളെ വേട്ടയാടുന്ന പോലീസും ക്രമസമാധാന സംവിധാനങ്ങളും ഒരു ബിജെപി എംപിയുടെ മുമ്പില്‍ വിനീത വിധേയരമായി മാറിയിരിക്കുന്നു. നീതിയും നിയമസംവിധാനങ്ങളും അട്ടിമറിക്കപ്പെടുന്ന ഭീകരമായ അവസ്ഥയിലേക്കാണ് രാജ്യം പോയിക്കൊണ്ടിരിക്കുന്നത്.
സ്ത്രീകളുടെ മാനം കവര്‍ന്ന കൊടുംകുറ്റവാളിയെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതുവരെ ശക്തമായ പോരാട്ടം തുടരുമെന്നും രാജ്യത്തിന്റെ അഭിമാന താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും റോയ് അറയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ, സംസ്ഥാന സമിതിയംഗം അഷ്‌റഫ് പ്രാവച്ചമ്പലം, ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ കരമന സംസാരിച്ചു. സംസ്ഥാന സമിതിയംഗം പി എം അഹമ്മദ്, ജില്ലാ ട്രഷറര്‍ ഷംസുദ്ദീന്‍ മണക്കാട്, ജില്ലാ കമ്മിറ്റിയംഗം ജെ കെ അനസ്, മഹ്ഷൂഖ് വള്ളക്കടവ് സംബന്ധിച്ചു.