തിരുവനന്തപുരം :എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുക, കേരളത്തിലെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവുമാക്കുക എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കെ-ഫോണ്‍ പദ്ധതി നാളെ ( ജൂണ്‍ അഞ്ച്) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും.
നിയസമസഭാ കോംപ്ലക്‌സിലുള്ള ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് ചടങ്ങ്. ഇതിന്റെ ഭാഗമായി ജില്ലയിലും വിപുലമായ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. നിയമസഭാമണ്ഡലങ്ങളില്‍ എം.എല്‍.എമാരുടെ നേതൃത്വത്തിലാണ് ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കുക.
നേമം നിയമസഭാമണ്ഡലതല ഉദ്ഘാടനം, തിരുമല എബ്രഹാം മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. നെടുമങ്ങാട് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് മൂന്ന് മണിക്ക്, പാറശാല ഇവാന്‍സ് ഹൈസ്‌കൂളില്‍ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ, കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., കടയ്ക്കാവൂര്‍ എസ്. എന്‍. വി.ജി.എച്ച്.എസ് എസ്സില്‍ വി.ശശി എം.എല്‍.എ., അരുവിക്കര ഗവ. എച്ച്.എസ്.എസ്സില്‍ ജി.സ്റ്റീഫന്‍ എം.എല്‍.എ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് 3.30ന്, വാമനപുരം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഡി.കെ. മുരളി എംഎല്‍എ, വൈകീട്ട് നാലിന്, വര്‍ക്കല ശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി. ജോയി എം. എല്‍. എ, പെരുമ്പഴുതൂര്‍ ഹൈസ്‌കൂളില്‍ കെ. ആന്‍സലന്‍ എം.എല്‍.എ., കുളത്തുമ്മല്‍ എല്‍.പി സ്‌കൂളില്‍ ഐ.ബി. സതീഷ് എം.എല്‍.എ, ആറ്റിങ്ങല്‍ ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒ.എസ്. അംബിക എം.എല്‍.എ എന്നിവരും ഉദ്ഘാടനം നിര്‍വഹിക്കും.