തിരുവനന്തപുരം: ആദ്യമായി തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജും തിരുവനന്തപുരം ഗവ. ദന്തല്‍ കോളേജും ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ സ്ഥാനം നേടിയ സന്ദര്‍ഭത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജിലെത്തി സന്തോഷം പങ്കുവച്ചു.
മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ടീം അംഗങ്ങളേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദനങ്ങളറിയിച്ചു. മെഡിക്കല്‍ കോളേജിനേയും ദന്തല്‍ കോളേജിനേയും സംബന്ധിച്ച് അഭിമാനകരമായ കാര്യമാണ്.
അടുത്ത വര്‍ഷം ഇതിനേക്കാള്‍ നില മെച്ചപ്പെടുത്തുന്നതാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് മെഡിക്കല്‍ കോളേജില്‍ വലിയ മാറ്റം വരുത്താനായി. ഇനിയും കുറേയേറെ ദൂരം പോകാനുണ്ട്. നല്ല ആത്മവിശ്വാസത്തോടെ മുന്നേറുമെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഉഷ, ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, ഡോ. വിശ്വനാഥന്‍, ഡോ. ടോണി, ഡോ. കെ. അരുണ്‍, ഡോ. നോബിള്‍ ഗ്രേഷ്യസ്, ദന്തല്‍ കോളേജ് ഡോ. ഹര്‍ഷകുമാര്‍ എന്നിവര്‍ സംസാരിച്ചു.