വർക്കല:പുത്തൻ ഉടുപ്പും പുതിയ പുസ്തകങ്ങളും മാത്രമല്ല വർക്കല കുരയ്ക്കണ്ണി ഹൈമവതി വിലാസം യു.പി സ്‌കൂളിലെ കുട്ടികൾക്ക് പുത്തനൊരു ബസും പുതിയ അധ്യായന വർഷം ലഭിച്ചു. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വി.ജോയി എംഎൽഎ ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു.
എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് വാങ്ങിയത്. സാധാരണക്കാരായ നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിൽ പുതിയ ബസ് എത്തിയതോടെ യാത്ര സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാകും. വർക്കല മുൻസിപ്പാലിറ്റി ചെയർമാൻ കെ. എം ലാജി, അധ്യാപകർ, വിദ്യാർഥികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.