ചിറയിൻകീഴ് :ചിറയിൻകീഴ് മണ്ഡലത്തിലെ പാട്ടത്തിൽ എൽ.പി സ്‌കൂളിനും കുടവൂർക്കോണം ഗവൺമെന്റ് ഹൈസ്‌കൂളിനും പുതിയ കെട്ടിടങ്ങൾ. കെട്ടിടങ്ങളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.
വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തി പ്രാഥമിക വിദ്യാഭ്യാസത്തിൽ സാർവത്രിക പ്രവേശനം കേരളം സാധ്യമാക്കിയതായി മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ അസമത്വം ഇല്ലാതാക്കിയെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും വിദ്യാകിരണം പദ്ധതിയും സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങളേയും സൗകര്യങ്ങളേയും പുതിയ മാനത്തിലെത്തിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് പാട്ടത്തിൽ ഗവൺമെന്റ് എൽ പി സ്‌കൂളിൽ പുതിയ കെട്ടിടം നിർമിച്ചത്. നബാർഡ് ഫണ്ടിൽ നിന്നും രണ്ടുകോടി രൂപയാണ് കുടവൂർക്കോണം ഹൈസ്‌കൂളിലെ പുതിയ ബഹുനിലമന്ദിരത്തിനായി ചെലവഴിച്ചത്.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. വി.ശശി എം.എൽ.എ അധ്യക്ഷനായിരുന്നു.