തിരുവനന്തപുരം:കാലവർഷം ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ്.
അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മരങ്ങൾ കടപുഴകി വീണ് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി, വൃക്ഷങ്ങളുടെ അപകടകരമായ ചില്ലകൾ മുറിച്ചുമാറ്റണം.
ഓഫീസ് പരിസരങ്ങളിലും റോഡുകളിലും അപകടകരമായി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിൽ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിന് തദ്ദേശസ്വയംഭരണവകുപ്പ് മേധാവികൾ നോട്ടീസ് നൽകണം.
വസ്തു ഉടമ ശിഖരങ്ങൾ മുറിച്ച് അപകടാവസ്ഥ ഒഴിവാക്കാത്ത പക്ഷം തദ്ദേശസ്ഥാപന മേധാവികൾ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്നും ചെലവായ തുക വസ്തു ഉടമയിൽ നിന്നും ഈടാക്കണമെന്നും നിർദേശിക്കുന്നു.
വൃക്ഷങ്ങൾ പൂർണമായി മുറിച്ച് മാറ്റേണ്ടുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസർ, പ്രദേശത്തെ വനം റേഞ്ച് ഓഫീസർ എന്നിവരടങ്ങുന്ന സമിതിയുടെ ശുപാർശ സഹിതം ബന്ധപ്പെട്ട ഓഫീസ് മേധാവി ജില്ലാ കളക്ടറുടെ പ്രത്യേക മുൻകൂർ അനുമതി വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു.