തിരുവനന്തപുരം:നെയ്യാറ്റിൻകര തിരുപുറം പുത്തൻ കട ജോയി ഭവനിൽ രാജൻ്റെ മകൾ രാഖിമോളെ (30) കഴുത്ത് ഞ്ഞെരിച്ച് കൊലപ്പെടുത്തി വീട്ട് വളപ്പിൽ കുഴിച്ചിട്ട കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിന തടവും മൂന്ന് ലക്ഷം രൂപ വീതം പിഴയും ഒടുക്കണമെന്ന് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻ ജഡ്ജ് കെ.വിഷ്ണു ശിക്ഷ വിധിച്ചു.
പിഴ ഒടുക്കിയില്ലങ്കിൽ ആറു മാസം കൂടി പ്രതികൾ അധിക തടവ് അനുഭവിക്കണം. ജീവപര്യന്ത തടവിന് പുറമെ തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം.പിഴ ഒടുക്കിയില്ലങ്കിൽ ആറു മാസം കൂടി പ്രതികൾ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.
അമ്പൂരി തട്ടാമുക്ക് അശ്വതി ഭവനിൽ രാജപ്പൻ നായർ മകൻ ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥൻ അഖിൽ ആർ നായർ(24), അഖിലിൻ്റെ സഹോദരൻ രാഹുൽ ആർ നായർ(27), ഇവരുടെ സുഹൃത്ത് അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ സുരേന്ദ്രൻ നായർ മകൻ ആദർശ് നായർ(23) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കൊല്ലപ്പെട്ട രാഖിമോളിൻ്റെ ആശ്രിതർക്ക് ജില്ലാ ലീഗൽ സർവ്വീസ് അതോരിറ്റിയിൽ നിന്നും നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.
21-06-2019 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ അഖിൽ ആർ നായർ ഇന്ത്യൻ ആർമിയിൽ ഡ്രൈവറായി ജോലി നോക്കി വരവേ പൂവാർ നിന്നും കളമശ്ശേരിയിലെ ഒരു സ്വകാര്യ കേബിൾ കമ്പനിയിൽ ജോലി നോക്കിയിരുന്ന രാഖി മോളെ മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട ശേഷം അഖിൽ ആർ നായർ രാഖിയുമായി പ്രണയത്തിലാവുകയും തുടർന്ന് വിവാഹവാഗ്ദാനവും നൽകിയിരുന്നു. കളമശ്ശേരിയിൽ നിന്നും അവധിക്ക് രാഖി നെയ്യാറ്റിൻകര പുത്തൻ കടയിലെ വീട്ടിൽ വരുമ്പോഴെല്ലാം അഖിൽ ബീച്ചിലും മറ്റ് സ്ഥലങ്ങളിലും രാഖിയെ കൊണ്ടുപോയിരുന്നു.
രാഖി മോളുമായി അഖിൽ പ്രണയത്തിലിരിക്കെ തന്നെ രാഖി അറിയാതെ അന്തിയൂർക്കോണം സ്വദേശിയായ ഒരു യുവതിയുമായി അഖിൽ പ്രണയത്തിലാവുകയും തുടർന്ന് രാഖിയെ ഒഴിവാക്കി അന്തിയൂർകോണത്തുള്ള യുവതിയുമായി വിവാഹം നിശ്ചയം നടത്തിയതിൻ്റെ ഫോട്ടോകൾ അഖിൽ ഫെയ്സ് ബുക്കിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ രാഖി അന്തിയൂർ കോണത്തുള്ള യുവതിയുമായുള്ള വിവാഹം മുടക്കുമെന്ന് പറഞ്ഞിതിലുള്ള വിരോധമാണ് രാഖിമോളെ കൊല്ലാനുണ്ടായ കാരണം.
എറണാകുളത്തെ സ്വകാര്യ ചാനലിലെ ബ്രോഡ്ബാൻഡ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന രാഖി ജൂൺ 18ന് അവധിക്ക് നാട്ടിലെത്തി. കൃത്യം നടന്ന ദിവസമായ 21ന് മടങ്ങാനായി വീടുവിട്ട രാഖിയെ അഖിൽ അനുനയ രൂപത്തിൽ നെയ്യാറ്റിൻകര ബസ്റ്റാൻഡിൽ സ്റ്റാൻഡിൽ വിളിച്ച് വരുത്തുകയും താൻ നിർമ്മിക്കുന്ന അംബൂരിയിലെ പുതിയ വീട് കാണിക്കാമെന്ന് പറഞ്ഞ് സുഹൃത്തിൻ്റെ കാറിൽ കയറ്റി അമ്പൂരി തട്ടാമുക്കിലെത്തിച്ചു.
അവിടെ കാത്തുനിന്ന സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവർ വാഹനത്തിൽ കയറി രണ്ടാംപ്രതി രാഹുൽ ആർ നായർ വാഹനമോടിച്ചും ആദർശും, അഖിലും പിൻ സീറ്റിൽ ഇരുന്ന് അമ്പൂരിയിൽ നിന്നും തട്ടാമൂക്ക് ഭാഗത്തേക്ക് പോകുന്ന വഴി വാഹനത്തിൻറെ മുൻവശം ഇടതു സീറ്റിലിരുന്ന രാഖിയെ വാഹനത്തിൻറെ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് അഖിൽ കഴുത്തു ഞെരിച്ചു വാഹനത്തിനുള്ളിൽ വച് കൊലപ്പെടുത്തുകയായിരുന്നു. മരണവെപ്രാളത്തിനിടയിൽ രാഖിയുടെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാനായി രാഹുൽ കാറിൻ്റെ ഇൻജിൻ ഇരപ്പിച്ച് വലിയ ശബ്ദമുണ്ടാക്കിയിരുന്നു.
കൊല്ലപ്പെട്ട രാഖിയുടെ മൃതദേഹം മൂവരും ചേർന്ന് കാറിൽ നിന്നും പുറത്തെടുത്ത് അഖിലിൻ്റെ വീടിനോട് ചേർന്ന റബർ പുരയിടത്തിൽ നേരത്തെ തയ്യാറാക്കിയിട്ടിരുന്ന കുഴിക്ക് സമീപമെത്തിച്ച് രാഖിയുടെ വസ്ത്രങ്ങൾ മാറ്റിയശേഷം ഉള്ളിൽ ഇട്ടു ഉപ്പും വിതറി മണ്ണിട്ടു മൂടി വൃക്ഷ തൈകൾ വച്ച് പിടിപ്പിച്ചു. തുടർന്ന് അഖിൽ ജോലിസ്ഥലമായ ലഡാക്കിലും, ആദർശും,രാഹുലും ഗുരുവായൂരിലേക്കും ഒളിവിൽ പോയിരുന്നു.
തൻ്റെ മകളെ കാണാനില്ലെന്ന് കാണിച്ച് രാഖിയുടെ പിതാവ് രാജൻ പുവ്വാർ പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തി വരവേ ഒരു ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന ആദർശിനെ പോലീസ് പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. ആദർശിൻ്റെ കുറ്റസമ്മത മൊഴിയിലാണ് ഒന്നും രണ്ടും പ്രതികളായ അഖിലും, രാഹുലും പോലീസിൻറെ കസ്റ്റഡി ലാകുന്നത്. പ്രതികളുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ രാഖിയുടെ മൃതശരീരം അഖിലിൻ്റെ വീട്ട് വളപ്പിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
94 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.92 തൊണ്ടിമുതലുകളും,178 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ആദർശിൻ്റെ ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ കോളേജിലെ ഡോക്ടർ തങ്കരാജിനെ പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ചിരുന്നു. 15 രേഖകളും പ്രതിഭാഗം ഹാജരാക്കിയിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ പി.പി. ഗീത ആലപ്പുഴ, പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ എന്നിവർ ഹാജരായി. എന്നിവർ ഹാജരായി.പൂവ്വാർ സർക്കിൾ ഇൻസ്പക്ടറും ഇപ്പോൾ ട്രാഫിക് സി.ഐ ആയി ജോലി നോക്കുന്ന ബി.രാജീവും, നെയ്യാറ്റിൻകര ഡിവൈ.എസ്.പി. ആയിരുന്ന എസ്.അനിൽകുമാറുമാണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.
ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് “ഞങ്ങൾ സഹോദരന്മാരാണന്നും, അച്ചൻ വാഹന അപകടത്തെ തുടർന്ന് ഒരു വശം തളർന്ന് കിടപ്പിലാണന്നും മറ്റാരും അവരെ സംരക്ഷിക്കാനില്ലന്നും” അഖിലും, രാഹുലും വിതുമ്പി കൊണ്ട് പറയുന്നുണ്ടായിരുന്നു. “അച്ചൻ്റെ മരണത്തെ തുടർന്ന് അമ്മ മാത്രമേ ഉള്ളുവെന്നും അവരെ സംരക്ഷിക്കാൻ മറ്റാരും ഇല്ലന്നും” ആദർശും കരഞ്ഞ് കൊണ്ട് പറയുന്നുണ്ടായിരുന്നു.പ്രതികളുടെ കുറ്റകൃത്യം പൈശാചികമായിരുന്നുവെന്നും പ്രതികൾ ദയ അർഹിക്കുന്നില്ലന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.