Thiruvananthapuram vartha Malayalam latest news from Trivandrum
Search
Close this search box.

ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട; മൂന്ന് പേർ അറസ്റ്റിൽ 

IMG_20230610_101006_(1200_x_628_pixel)

തിരുവനന്തപുരം: തീരദേശ മേഖലകളില്‍ നടത്തിയ പരിശോധനയിൽ വൻമയക്കുമരുന്ന് വേട്ട. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ മൂന്നു യുവാക്കളെ എക്സൈസ് പിടികൂടി.

തിരുവനന്തപുരം ജില്ലയിലെ തീരദേശപ്രദേശങ്ങളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന എറണാകുളം-അങ്കമാലി സ്വദേശി ടോണിന്‍ ടോമി (29), പുതിയതുറ സ്വദേശികളായ സച്ചു എന്ന് വിളിക്കുന്ന സജൻ (32), എബിന്‍ യൂജിന്‍ (26) എന്നിവരെയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എൽ. ഷിബുവിന്‍റെ നേതൃത്ത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇവരിൽ നിന്ന് 259.75 ഗ്രാം എംഡിഎംഎയാണു പിടിച്ചെടുത്തത്. ചൊവ്വര, ആഴിമല, പുതിയതുറ മേഖലകളില്‍ പരിശോധ നടത്തിയതില്‍ സ്വിഫ്റ്റ് കാറില്‍ കടത്തിക്കൊണ്ടു വരവേ പുതിയതുറ ഭാഗത്തു നിന്നാണ് ടോണിൻ ടോമിയെ പിടികൂടിയത്. കൊലപാതകം, മയക്കുമരുന്ന് കേസ് തുടങ്ങി പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാൾ. മട്ടാന്‍ഞ്ചേരി പൊലീസ് കണ്ടെത്തിയ 493 ഗ്രാം മയക്കുമരുന്ന് കേസിലെ, അറസ്റ്റ് ചെയ്യാനുള്ള പ്രതിയായ ഇയാള്‍, അറസ്റ്റ് ഭയന്ന് തിരുവനന്തപുരം ജില്ലയില്‍ പുതിയതുറ ഭാഗത്ത് എബിന്‍ എന്നയാളുടെ വീട്ടില്‍ താമസിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരവേയാണ് പിടിയിലായത്.

ഡല്‍ഹിയിലും വിദേശത്തുമുള്ള മയക്കുമരുന്നു നെറ്റ് വര്‍ക്കുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുള്ളതായി വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് മയക്കു മരുന്ന് കച്ചവടത്തിനു സഹായിച്ച റാക്കറ്റിനെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും തുടരന്വേഷണം നടക്കുന്നതായും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എൽ.ഷിബു അറിയിച്ചു.

മയക്കുമരുന്നുമായി പിടിക്കപ്പെട്ട എബിന്‍റെ വീട്ടുകാരുടെ സമ്മതത്തോടെയാണു ടോണിന്‍ ടോമി എന്ന പ്രതി എബിന്‍റെ വീട്ടില്‍ താമസിച്ച് വന്നിരുന്നത്. വീട്ടുകാര്‍ക്ക് ഇതുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരുന്നു. ജില്ലയില്‍ നാളിതുവരെ കണ്ടെടുത്തതില്‍ ഏറ്റവും അധികം എംഡിഎംഎ പിടികൂടിയ മയക്കുമരുന്ന് കേസാണിത്.

സജന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. എബിന്‍ മയക്കുമരുന്ന് കച്ചവടത്തിന് ഉപയോഗിച്ചിരുന്ന ബൈക്കും കസ്റ്റഡിയില്‍ എടുത്തു. പ്രിവന്‍റിവ് ഓഫീസര്‍ സന്തോഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് ബാബു, നന്ദകുമാര്‍, പ്രബോത്, അക്ഷയ്, സുരേഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസറായ ഗീതകുമാരി, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!