തിരുവനന്തപുരം :പാറശാല ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷികുട്ടികൾക്കായി സൗജന്യ തെറാപ്പി കേന്ദ്രം ആരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം സി.കെ ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷികുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്‌നപദ്ധതിയാണ് ‘ഹസ്തം’ സൗജന്യ സ്പീച്ച് ബിഹേവിയർ ഒക്കുപേഷണൽ തെറാപ്പി സെന്റർ.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻ ഡാർവിൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. 2022-23 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപ ചെലവിലാണ് ഹസ്തം പദ്ധതി നടപ്പാക്കുന്നത്. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്കുപേഷണൽ തെറാപ്പി തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാകും.
ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ആറു ഗ്രാമപഞ്ചായത്തിലേയും ഭിന്നശേഷി കുട്ടികൾക്ക് പ്രയോജനകരമാകുന്ന പദ്ധതിയാണ് ഹസ്തം. 15 വയസു വരെയുള്ള കുട്ടികൾക്കാണ് സൗജന്യ സേവനം ലഭിക്കുന്നത്. നിലവിൽ 130തോളം കുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബ്ലോക്ക് പഞ്ചയാത്ത് ഓഫീസിന് സമീപത്തായി ആരംഭിച്ച സെന്ററിൽ രണ്ടു തെറാപ്പിസ്റ്റുകളുടെ സേവനം ലഭിക്കും.