തിരുവനന്തപുരം:ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ലോക് അദാലത്തിൽ ഇരുപതിനായിരത്തി എഴുനൂറ്റി പത്തൊൻപത് കേസുകൾ (20,719) തീർപ്പായി. അവാർഡ് തുകയായി 44,94,02,615/- (നാല്പതിനാല് കോടി തൊണ്ണൂറ്റിനാല് ലക്ഷത്തി രണ്ടായിരത്തി അറുനൂറ്റി പതിനഞ്ച്) രൂപ നൽകാൻ വിധിച്ചു.
ദേശസാൽകൃത സ്വകാര്യ ബാങ്കുകളുടെ പരാതികളിന്മേൽ ആകെ 14,38,15,245/- (പതിനാലു കോടി മുപ്പത്തിയെട്ടു ലക്ഷത്തി പതിനയ്യായിരത്തി ഇരുനൂറ്റി നാല്പത്തി അഞ്ച്) രൂപ നൽകാൻ തീരുമാനമായി.
642 പരാതികൾക്കാണ് തീർപ്പു കല്പിച്ചത്. മോട്ടോർ വാഹന അപകട തർക്കപരിഹാര കേസുകളിൽ മാത്രം ജില്ലയിൽ ആകെ 563 കേസുകൾ തീർപ്പായി. ആകെ 27,70,67,297/- (ഇരുപത്തി ഏഴു കോടി എഴുപത് ലക്ഷത്തി അറുപത്തി ഏഴായിരത്തി ഇരുനൂറ്റിതൊണ്ണൂറ്റി ഏഴു) രൂപ നൽകാൻ വിധിയായി.
അദാലത്തിനോടനുബന്ധിച്ചു ജില്ലയിലെ ഇരുപത് മജിസ്‌ട്രേറ്റ് കോടതികളിൽ നടന്ന പെറ്റികേസുകൾക്കായുള്ള സ്പെഷ്യൽ സിറ്റിങ്ങിൽ 19,399 പത്തൊൻപതിനായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ഒൻപത് പെറ്റി കേസുകൾ തീർപ്പ് കൽപ്പിച്ചു. ആകെ 1,21,31,290/- (ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷത്തി മുപ്പത്തി ഒരായിരത്തി ഇരുനൂറ്റി തൊണ്ണൂറ്) രൂപ പിഴയിനത്തിൽ ഈടാക്കി.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ പി.വി. ബാലകൃഷ്ണൻ, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എസ് ഷംനാദ്, എന്നിവർ അദാലത്തിന് നേതൃത്വം നൽകി. അവധി ദിവസമായിരുന്നിട്ടും അദാലത്ത് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.