തിരുവനന്തപുരം:നേമം ഗവണ്മെന്റ് യു.പി.എസിലെ പ്രീപ്രൈമറി വിഭാഗത്തില്‍ സജ്ജമാക്കിയ വര്‍ണക്കൂടാരം ഐ.ബി സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്‌കൂളില്‍ വര്‍ണക്കൂടാരം നിര്‍മിച്ചത്. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക അധ്യക്ഷത വഹിച്ചു.
മികച്ച നിലവാരമുള്ള പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിവിധ തീമുകളെ അടിസ്ഥാനമാക്കയുള്ള പഠനം സാധ്യമാക്കുകയാണ് വര്‍ണകൂടാരത്തിലൂടെ. ഇതിന്റെ ഭാഗമായി ജലാശയങ്ങള്‍, വിശ്രമ – വിനോദ കേന്ദ്രങ്ങള്‍, പൂന്തോട്ടം, പ്രകൃതി – പഠനഹരിതയിടങ്ങള്‍ എന്നിവ സ്‌കൂള്‍ വളപ്പില്‍ സ്ഥാപിച്ചു.സൂക്ഷ്മ, സ്ഥൂല പേശി വികസനത്തിനും ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ ഗെയിമുകള്‍ക്കും അവസരമൊരുക്കുന്നതിന് സ്‌കൂള്‍ വളപ്പില്‍ കുട്ടികളുടെ പുറം കളിയിടം ഒരുക്കി.
പഠനം ആസ്വാദ്യമാക്കാനും അക്കാദമിക് നിലവാരമുയര്‍ത്താനും 13 പഠനയിടങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഭാഷായിടം, ഗണിതയിടം, വരയിടം, കുഞ്ഞരങ്ങ്, ഇ-യിടം, ശാസ്ത്രയിടം, ഹരിതയിടം, കരകൗശല നിര്‍മാണയിടം, ആട്ടവും പാട്ടും എന്നിവയാണവ. വിവിധ വ്യവഹാരങ്ങളിലൂടെ കുട്ടികളുടെ സര്‍ഗാത്മകവികാസമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സമഗ്ര ശിക്ഷാ കേരള ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ജവാദ്, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.