പാറശ്ശാല: നാട്ടുകാരുടെ പ്രിയപ്പെട്ട പുഞ്ചിരി അമ്മച്ചി വിടവാങ്ങി. കാരോട് അമ്പിലിക്കോണം അയിര പറമ്പിൻതോട്ടം വീട്ടിൽ പങ്കജാക്ഷി(പുഞ്ചിരി അമ്മച്ചി-93)യുടെ വേർപാടാണ് നാടിനു നൊമ്പരമായത്.
തിങ്കളാഴ്ചയാണ് വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് പങ്കജാക്ഷി മരിച്ചത്. അമ്പിലക്കോണത്തെ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട ആളായിരുന്നു പുഞ്ചിരി അമ്മച്ചി. രണ്ടു വർഷം മുൻപ് വീണതിനെത്തുടർന്ന് വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
ചിരിച്ചുകൊണ്ടു മാത്രമേ പങ്കജാക്ഷി ഏതുകാര്യവും പറയുമായിരുന്നുള്ളൂ. ദൈവത്തിന്റെ ഇഷ്ടംകൊണ്ടാണ് ചിരിക്കുന്നതെന്നാണ് പങ്കജാക്ഷി തന്റെ ചിരിയുടെ രഹസ്യമായി പറഞ്ഞിരുന്നത്. ആരെക്കണ്ടാലും ചിരിച്ചുകൊണ്ടു വിശേഷങ്ങൾ ചോദിക്കും.