തിരുവനന്തപുരം: ആനയറ ലോഡ്സ് ആശുപത്രിക്ക് സമീപം മഹാരാജാ ലെയിനിൽ 150 ഓളം കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കിയ കൂറ്റൻ പൈപ്പുകൾ അടിയന്തരമായി നീക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജല അതോറിറ്റിയുടെ സ്വീവറേജ് ഡിവിഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് നിർദ്ദേശം നൽകിയത്.
രണ്ടര മാസമായി വഴിമുടക്കി കിടക്കുന്ന പൈപ്പുകൾ നീക്കം ചെയ്ത ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.
ദിനപത്രം പ്രസിദ്ധീകരിച്ച ചിത്രത്തിൻ്റെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.ജല അതോറിറ്റി നിർമ്മിക്കുന്ന ഡ്രെയ്നേജ് പമ്പിംഗ് സ്‌റ്റേഷനിലേക്ക് ബന്ധിപ്പിക്കുന്ന കൂറ്റൻ പൈപ്പുകളാണ് ഇവിടെ കൊണ്ടു വന്നിട്ടത്.രണ്ടാഴ്ചക്കകം മാറ്റാമെന്നായിരുന്നു ഉറപ്പ്. ആമ്പുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പോകാനാവാത്ത സ്ഥിതിയാണുള്ളത്.