തിരുവനന്തപുരം: അനന്തപുരി ചക്ക മഹോൽസവത്തിന് പുത്തരിക്കണ്ടം മൈതാനിയിൽ തുടക്കമായി. തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ രാജു ഉദ്ഘാടനം ചെയ്തു. തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക, നാടന്‍ വരിക്ക, മുള്ളന്‍ ചക്ക, കൂഴച്ചക്ക, കൊട്ട് വരിക്ക തുടങ്ങി വലിപ്പത്തിലും രുചിയിലുമുള്ള നൂറുകണക്കിന് വ്യത്യസ്തതരം ചക്കകളാണ് മേളയിലുള്ളത്.
സംസ്ഥാന ഫലമായ ചക്കയുടെ പ്രചരണാർത്ഥം സിസയുടെ നേതൃത്വത്തിൽ ചക്ക കര്‍ഷകരുടെയും ചക്ക പ്രേമികളുടെയും കൂട്ടായ്മയും പ്രശസ്ത ചക്ക പ്രചാരകരായ ചക്കക്കൂട്ടവും ചേർന്നാണ് മഹോൽസവം സംഘടിപ്പിച്ചിരിക്കുന്നത്.
ജൂലൈ ഒമ്പതുവരെ എല്ലാദിവസവും രാവിലെ 11 മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രദര്‍ശനം. കാണികൾക്കായി തിങ്കളാഴ്ച വൈകുന്നേരം നാലുമുതൽ ചക്കപ്പഴം തീറ്റമൽസരം സംഘടിപ്പിച്ചിട്ടുണ്ട്. പ്രദർശന നഗരിയിലെത്തുന്ന ആർക്കും മൽസരത്തിൽ പങ്കെടുക്കാം.