തിരുവനന്തപുരം : ബൈപ്പാസ് റോഡിൽ കേടായി കിടന്ന മൊബൈൽ ക്രെയിനിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ചാക്ക ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കീഴ്‍ശാന്തിയായ രാകേഷ് രാജ്(22) ആണ് മരിച്ചത്. വള്ളക്കടവ് വയ്യാമൂല ദേവീനഗർ കിഴക്കേവീട്ടിൽ രാജശേഖരന്റെയും ഉഷാകുമാരിയുടെയും മകനാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ഓടെ വെൺപാലവട്ടം മേൽപ്പാലത്തിലായിരുന്നു അപകടം. ഈ സമയം ക്രെയിനിന്റെ ഡ്രൈവർ അറ്റകുറ്റപ്പണിക്ക് ആളെ വിളിക്കാൻ വർക്‌ഷോപ്പിലേക്കു പോയിരിക്കുകയായിരുന്നു.
ചാക്ക ഭാഗത്തുനിന്ന് കഴക്കൂട്ടത്തേക്കു പോവുകയായിരുന്നു രാകേഷ്. ക്രെയിനിൽ ഇടിച്ച് റോഡിലേക്കു തെറിച്ചുവീണ് പരിക്കേറ്റ രാകേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എന്നാൽ രാകേഷ് ഓടിച്ച ബൈക്കിനു പിന്നാലെ വന്ന കാറിടിച്ചാണ് അപകടമുണ്ടായതെന്ന് രാകേഷിന്റെ ബന്ധുക്കൾ പേട്ട പോലീസിൽ പരാതി നൽകി. കാർ ബൈക്കിലിടിച്ചതിനെത്തുടർന്നാണ് ബൈക്ക് ക്രെയിനിലിടിച്ചതെന്നാണ് പരാതി.