തിരുവനന്തപുരം: ആനയറയിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. റിപ്പയറിങ്ങും ട്രയലും പൂർത്തിയാക്കി യന്ത്രം ഭാഗം ഇന്ന് (01.07.23) വൈകിട്ട് എട്ടിന് ആനയറയിൽ എത്തിച്ചു. മന്ത്രി റോഷി അഗസ്റ്റിന്റെ നിർദേശ പ്രകാരം ജല അതോറിറ്റിയിലെ ഒരു അസിസ്റ്റന്റ് എൻജിനിയർ യന്ത്രത്തെ അനുഗമിച്ചിരുന്നു.
രണ്ടാം ട്രയലിലും ചെറിയ പ്രശ്നങ്ങൾ കണ്ടെത്തിയതോടെ അത് പരിഹരിച്ചാണ് നാട്ടിലേക്ക് തിരിച്ചത്. യന്ത്രം എത്തുമ്പോഴേക്ക് ജോലി തുടങ്ങുന്നതിനുള്ള പ്രവർത്തികൾ വ്യാഴാച തന്നെ തുടങ്ങിയിരുന്നു.
12, 20, 28, 36, 42, 48 ഇഞ്ച് വ്യാസത്തിലാണ് ഭൂമി തുരക്കുന്നത്. ഇതിൽ 36 ഇഞ്ച് വരെ 45 ടൺ കപ്പാസിറ്റി ഉള്ള യന്ത്രം മതിയാകും. അതുപയോഗിച്ചുള്ള പ്രവർത്തികൾ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്.
42, 48 ഇഞ്ച് വ്യാസത്തിൽ തുരക്കുന്നതിനാണ് റിപ്പയർ ചെയ്ത 240 ടൺ കപ്പാസിറ്റിയുള്ള യന്ത്രം വേണ്ടത്. ഈ ജോലികൾ തുടർച്ചയായി ചെയ്യേണ്ടത് കൊണ്ടാണ് സ്പെയർ പാർട്സ് വരും വരെ കാത്തിരിക്കേണ്ടി വന്നത്.
ഇനിയുള്ള ദിവസങ്ങളിൽ 24 മണിക്കൂറും ജോലി നടത്തി പ്രവർത്തികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമം. ഇതിനായി മന്ത്രി റോഷി അഗസ്റ്റിന്റെ നിർദേശ പ്രകാരം എൻജിനിയർമാരുടെ പ്രത്യേക ടീമിന് രൂപം നൽകി. ഇവരുടെ മുഴുവൻ സമയ സാന്നിധ്യവും ഉറപ്പാക്കണം എന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്. ഓരോ ദിവസവും പൂർത്തിയാക്കേണ്ട പ്രവർത്തികളുടെ ഷെഡ്യൂളും നിശ്ചയിച്ചിട്ടുണ്ട്.