തിരുവനന്തപുരം : സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയായ സർക്കാർ ഉദ്യോഗസ്ഥനെ സംഭവം നടന്ന് 14 വർഷത്തിനുശേഷം പിരിച്ചുവിട്ടു. കോടതി വിധിക്കെതിരേ ഹൈക്കോടതിയിൽ ഫയൽചെയ്ത അപ്പീലിൽ ഉത്തരവ് വരുന്നതുവരെ നടപടി നിർത്തിവെക്കണമെന്ന പ്രതിയുടെ ആവശ്യം സർക്കാർ തള്ളി.
ജലസേചനവകുപ്പിൽ നെടുമങ്ങാട് മൈനർ ഇറിഗേഷൻ സെക്ഷൻ ഓവർസിയറായ എസ്.ആർ. ഹരീഷ്കുമാറിനെയാണ് സർവീസ് ചട്ടമനുസരിച്ച് പിരിച്ചുവിട്ടത്. 2009-ൽ ഇടുക്കി കഞ്ഞിക്കുഴി പോലീസാണ് ഹരീഷിനെതിരേ കേസെടുത്തത്.
പരീക്ഷയ്ക്ക് കൂടുതൽ മാർക്കുകിട്ടാൻ പ്രാർഥിക്കാൻ കൊണ്ടുപൊകാമെന്ന് വിശ്വസിപ്പിച്ച് പത്താംക്ലാസ് വിദ്യാർഥിനിയെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. അവിടെ വിവിധസ്ഥലങ്ങളിൽ 45 ദിവസം തടവിൽവെച്ച് പീഡിപ്പിച്ചെന്നാണ് കേസ്.