നെയ്യാറ്റിൻകര: കുളത്തൂർ കടകുളത്ത് ഭാര്യമാതാവിനെ തലക്കടിച്ചു കൊന്നു. തൊഴിലുറപ്പ് തൊഴിലാളിയായ തങ്കം (65) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മരുമകൻ റോബർട്ടിനെ പൊഴിയൂർ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
തങ്കത്തിന്റെ മകൾ പ്രീതയുടെ രണ്ടാം ഭർത്താവാണ് റോബർട്ട്. ഞായറാഴ്ച റോബർട്ട് പ്രീതയെ ഇരുമ്പ് ദണ്ഡ് കൊണ്ട് അതിക്രൂരമായി മർദിച്ചു. പ്രീതയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തങ്കത്തിനും മര്‍ദനമേറ്റത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തങ്കത്തിനെ നാട്ടുകാരുടെ സഹായത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു. പ്രീതയുടെ ഇടതുകൈയ്ക്ക് പൊട്ടലുണ്ട്, തലയിലും പരിക്കേറ്റു.