തിരുവനന്തപുരം: നിരവധി മോഷണ പരമ്പരകളിൽ പ്രതിയായ മോഷ്ടാവിനെ വിമാനത്താവളത്തിൽ നിന്ന് പിടികൂടി പോലീസ്. ആന്ധ്രാപ്രദേശ് സ്വദേശിയായ സമ്പതി ഉമാ പ്രസാദ് ആണ് പിടിയിലായത്. വിമാനത്തിൽ കേരളത്തിലെത്തി മോഷണം നടത്തിയതിന് ശേഷം വിമാനത്തിൽ തന്നെ തിരികെ പോകുകയായിരുന്നു ഇയാളുടെ രീതി.
തിരുവനന്തപുരത്ത് വിവിധ വീടുകളിൽ നിന്നായി ആറ് ലക്ഷത്തോളം രൂപയുടെ സ്വർണം, വജ്ര ആഭരണങ്ങൾ എന്നിവ കവർച്ച നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ഇയാൾ ആദ്യം തിരുവനന്തപുരത്തെത്തിയത് മെയ് 28നാണ്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചതിന് ശേഷം ജൂൺ രണ്ടിന് തിരികെ പോയി. എന്നാൽ, ജൂൺ ആറിന് വീണ്ടും തിരുവനന്തപുരത്തെത്തിയ ഉമാപ്രസാദ് പേട്ട, ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധികളിൽ മൂന്നിടത്ത് കവർച്ച നടത്തി. ശേഷം ജൂലൈ ഒന്നിന് തിരികെ ആന്ധ്രയിലേക്ക് കടന്നു.
വിഷയത്തിൽ പരാതി ലഭിച്ച് അന്വേഷണം നടത്തിയ പോലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ മൂന്ന് കവർച്ചയും ഒരാൾ തന്നെ ചെയ്തതാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ഉമാപ്രസാദ് സഞ്ചരിച്ച ഓട്ടോറിക്ഷ കണ്ടെത്തുകയും ഓട്ടോറിക്ഷ ഡ്രെെവർ വഴി ഉമാപ്രസാദ് താമസിച്ച ഹോട്ടൽ കണ്ടെത്തുകയും ചെയ്തു. അവിടെ നിന്നാണ് ഇയാളുടെ വിലാസം പോലീസിന് ലഭിച്ചത്