കഴക്കൂട്ടം: ഷെയർ ചാറ്റിംഗ് വഴി പരിചയപ്പെട്ടശേഷം കഴക്കൂട്ടം സ്വദേശിയായ പതിനേഴുകാരിയെ നിരവധി തവണ പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ കൈക്കലാക്കുകയും ചെയ്ത യുവാവിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം പെരിന്തൽമണ്ണ വെങ്ങാട് സ്വദേശി ഗോകുലാണ് (20) അറസ്റ്റിലായത്. സമൂഹ മാദ്ധ്യമമായ ഷെയർ ചാറ്റ് വഴിയാണ് പെൺകുട്ടിയെ പ്രതി പരിചയപ്പെട്ടത്.
മാതാപിതാക്കൾ ഇല്ലാത്ത പെൺകുട്ടികളെ കണ്ടെത്തി അവരുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗികമായി ഉപയോഗിച്ചതിന് ശേഷം അവരുടെ സ്വർണാഭരണങ്ങൾ കൊണ്ടു പോവുകയായിരുന്നു പ്രതിയുടെ രീതി.
കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ 17കാരിയെ ഒരു മാസം മുൻപ് പ്രണയം നടിച്ച് കാർ വാടകയ്ക്ക് എടുത്ത് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി കാറിനുള്ളിൽ വച്ച് പീഡിപ്പിച്ചതായും കഴക്കൂട്ടം പൊലീസ് പറഞ്ഞു. ഇതിന്റെ സി.സി ടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു.പീഡിപ്പിച്ചതിനുശേഷം പെൺകുട്ടിയുടെ പക്കൽ ഉണ്ടായിരുന്ന മൂന്നര പവന്റെ സ്വർണാഭരണങ്ങളാണ് പ്രതി കൈക്കലാക്കിയത്.
സംഭവത്തിന് ശേഷം കരുനാഗപ്പള്ളിയിലെ ജ്യൂസ് കടയിൽ ജോലി ചെയ്ത് വരവെയാണ് കഴക്കൂട്ടം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. നേരത്തെ പാലക്കാട് കൃഷ്ണപുരത്ത് 16 കാരിയെ പീഡിപ്പിച്ച കേസിൽ റിമാന്റ് കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി നാടുവിടുകയായിരുന്നു. തുടർന്നാണ് വീണ്ടും ഈ കേസിൽ അറസ്റ്റിലാകുന്നത്