അരുവിക്കര:കർക്കടക വാവുബലിയോടനുബന്ധിച്ച് വിപുലമായ കാർഷിക വ്യാവസായിക പ്രദർശനത്തിന് അരുവിക്കരയിൽ തുടക്കമായി. ജി.സ്റ്റീഫൻ എം.എൽ.എ പ്രദർശനം ഉദ്ഘാടനം ചെയ്തു .
മേളയുടെ ഭാഗമായി ജൂലൈ 11 മുതൽ17വരെ അരുവിക്കര ഡാം സൈറ്റിൽ വിവിധ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ എക്‌സിബിഷൻ, വാഹന പ്രദർശനം, കാർഷിക പ്രദർശനം,കുടുംബശ്രീ ട്രേഡ് ഫെയർ സംരംഭങ്ങൾ, അമ്യൂസ്മെന്റ് പാർക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ ബലിതർപ്പണ കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ സ്റ്റാളുകളുടെ ഉദ്ഘാടനം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളിയും മറ്റ് സ്റ്റാളുകളുടെ ഉദ്ഘാടനം അബ്കാരി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. എസ്. സുനിൽ കുമാറും നിർവഹിച്ചു.
അമ്യൂസ്മെന്റ് പാർക്ക് ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സ്റ്റാൾ ഉത്പ്പന്നങ്ങളുടെ ആദ്യ വില്പന നെടുമങ്ങാട് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ആർ.ഹരിലാൽ നിർവഹിച്ചു.
കർക്കടക വാവ് ദിനമായ ജൂലൈ 17ന് വെളുപ്പിന് നാലുമണി മുതൽ ബലി തർപ്പണം ആരംഭിക്കും. ഒരേ സമയം 500 ൽ കുറയാത്ത ഭക്തജനങ്ങൾക്ക് ബലിയിടാനുള്ള ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
അരുവിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിലും അരുവിക്കര ഗ്രാമപഞ്ചായത്തിലെ വിവിധ അക്ഷയകേന്ദ്രങ്ങളിലും ഡാം സൈറ്റിലും ബലിതർപ്പണ കൂപ്പൺ 50 രൂപ നിരക്കിൽ മുൻകൂറായി വാങ്ങാവുന്നതാണ്. അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആർ. കല അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികൾ,കുടുംബശ്രീ പ്രവർത്തകർ നാട്ടുകാർ തുടങ്ങിയവരും പങ്കെടുത്തു.