വിഴിഞ്ഞം: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ രണ്ട് പേർ വിഴിഞ്ഞത്ത് അറസ്റ്റിലായി. തിരുവല്ലം ആലുകാട് സാദിക് (28) അമ്പലത്തറ കുമരി ചന്തയ്ക്ക് സമീപം യാസീൻ (27 ) എന്നിവരാണ് അറസ്റ്റിലായത്.
വെങ്ങാനൂരിലെ സൂര്യ ഫിനാൻസ് എന്ന സ്ഥാപനത്തിൽ സ്വർണ്ണം പൂശിയ വള പണയം വെയ്ക്കാൻ ഇന്നലെ രാവിലെ എത്തിയപ്പാഴാണ് രണ്ട് യുവാക്കളേയും സ്ഥാപനത്തിലെ ജീവനക്കാർ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞു വെച്ച് വിഴിഞ്ഞം പൊലീസിന് കൈമാറിയത്.
ഇതേ സ്ഥാപനത്തിന്റെ കരുമം, ആഴാകുളം , നേമം പൂഴിക്കുന്ന്, പെരിങ്ങമ്മല, ബാലരാമപുരം എന്നീ ബ്രാഞ്ചുകളില്‍ ഇവര്‍ നേരത്തെ സ്വർണ്ണം പൂശിയ വളകൾ പ്രതികൾ പണയം വെച്ചിരുന്നു.
രണ്ട് പവന്റെ വളകള്‍ എന്ന പേരിലാണ് ഇവ കൊണ്ടുവന്നിരുന്നത്. ഒരു വളയ്ക്ക് 80,000 രൂപ വെച്ച് ഏഴ് ലക്ഷത്തോളം രൂപ പ്രതികൾ ഇതുവരെ ക്കൈക്കലാക്കിയിരുന്നു. ഇക്കഴിഞ്ഞ ആറാം തിയതിമുതലാണ് ഇരുവരും തട്ടിപ്പ് തുടങ്ങിയതെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു