തിരുവനന്തപുരം: മതിയായ യോഗ്യതയില്ലാതെ കുത്തുകുഴിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയ ഡോക്ടർ അറസ്റ്റിൽ. തമിഴ്‌നാട് തിരുനെൽവേലി രാധാപുരം ഗണപതി നഗർ ഭാഗത്ത് താമസിക്കുന്ന തിരുവനന്തപുരം ചിറയിൻകീഴ് വടശേരിക്കോണം എം.എസ്. ബിൽഡിങ്ങിൽ മുരുകേശ്വരിയെ (29) യാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
യുക്രൈനിൽനിന്ന് മെഡിക്കൽ ബിരുദം സമ്പാദിച്ചെങ്കിലും ഇന്ത്യയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യത ഇവർ നേടിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.മുരുകേശ്വരി മറ്റൊരു ഡോക്ടറുടെ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ചാണ് പ്രാക്ടീസ് നടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
കുത്തുവഴി ലൈഫ് കെയർ ആശുപത്രിയിൽ 2021 സെപ്റ്റംബർ മുതൽ 2022 മാർച്ച് 15 വരെയുള്ള കാലയളവിലാണ് ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്നത്.പിന്നീട് ആശുപത്രിയിൽ എത്തിയ മറ്റൊരു ഡോക്ടറുടെ വെളിപ്പെടുത്തലിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഇതുസംബന്ധിച്ച് കോതമംഗലം താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ലൈഫ് കെയർ ആശുപത്രിയിൽ എത്തി അന്വേഷണം നടത്തി ഡി.എം.ഒ. യ്ക്ക് റിപ്പോർട്ടും പോലീസിൽ പരാതിയും നൽകിയിരുന്നു. ഇതേ തുടർന്ന് പോലീസും അന്വേഷണം നടത്തിയിരുന്നു.
തിരുനെൽവേലിയിലെ ബന്ധുവീട്ടിൽ നിന്നാണ് മുരുകേശ്വരിയെ അറസ്റ്റ് ചെയ്തത്. ആശുപത്രിക്കെതിരേയും അന്വേഷണം ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.