തിരുവനന്തപുരം: പൊലീസിനെ കണ്ടു ഭയന്നോടിയ ആൾ പുരയിടത്തിൽ മരിച്ച നിലയിൽ. തമ്പുരാൻമുക്ക് കൈപ്പള്ളി നഗർ താര 226ൽ ഹരിപ്രകാശ് (50) ആണ് മരിച്ചത്.പരേതനായ കുമരേശന്റെയും അന്നമ്മയുടെയും മകനാണ്.
സമീപത്തെ വീടിന്റെ പിൻവശത്തുള്ള പുരയിടത്തിലാണ് മൃതദേഹം കിടന്നത്.ഒരു ദിവസത്തെ പഴക്കമുണ്ടായിരുന്നു മൃതദേഹത്തിനു. ഹരിപ്രകാശിന്റെ അമ്മ അന്നമ്മയാണ് മൃതദേഹം കണ്ടത്. വളർത്തു നായയുടെ കുര കേട്ടാണ് ഇവർ വന്നു നോക്കിയത്.
ചൊവ്വാഴ്ച രാത്രി തമ്പുരാൻമുക്കിലെ ആളൊഴിഞ്ഞ വീടിന്റെ മുകളിലത്തെ നിലയിൽ രണ്ട് പേർ ഇരുന്നു മദ്യപിക്കുന്നതായി നാട്ടുകാർ ഉടമയെ അറിയിച്ചിരുന്നു. ഉടമ ഇക്കാര്യം പൊലീസിനേയും അറിയിച്ചു. പിന്നാലെ പൊലീസ് സ്ഥാലത്തെത്തിയപ്പോൾ ഹരിപ്രകാശ് ഓടി രക്ഷപ്പെട്ടു.
സമീപത്തെ മതിലുചാടി കടക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ തലയ്ക്ക് പരിക്കേറ്റതിന്റെ പാടുകളുണ്ട്. പരിശോധനാ ഫലം വന്ന ശേഷമേ മരണ കാരണം കൃത്യമായി പറയാൻ സാധിക്കു എന്ന് പൊലീസ് വ്യക്തമാക്കി.
സംഭവം നടന്ന് പിറ്റേ ദിവസം ഇയാളെ ആരും കണ്ടില്ല. ഇടയ്ക്ക് ഇത്തരത്തിൽ പല സ്ഥലങ്ങളിലേക്കും ഹരിപ്രകാശ് പോകാറുള്ളതിനാൽ വീട്ടുകാർ ഇക്കാര്യം ഗൗരവത്തോടെ എടുത്തില്ല. കട വാടകയ്ക്കു നൽകിയും ഫ്ലാറ്റുകളിൽ പാൽ വിൽപ്പന നടത്തിയുമാണ് ഇയാൾ ജീവിച്ചിരുന്നത്.