വർക്കല: കൊലപാതകശ്രമ കേസിലെ പ്രധാന പ്രതിയെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടൂർ ആശാൻമുക്ക് മുസ്ലിം പള്ളിക്ക് സമീപം അസീന മൻസിലിൽ അൻസിൽ (19) ആണ് വർക്കല പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാർച്ച് 15ന് വൈകിട്ട് വെട്ടൂർ ആശാൻമുക്ക് മുസ്ലിം പള്ളിക്ക് മുന്നിൽ വച്ച് അൻസിൽ ഉൾപ്പെട്ട അഞ്ചംഗസംഘം വെട്ടൂർ സ്വദേശി സുൽത്താൻ എന്ന യുവാവിനെ വാൾ ഉപയോഗിച്ച് ആക്രമിച്ച കേസിലാണ് അറസ്റ്റ്.
തന്റെ അനുജനെ അൻസിൽ മർദ്ദിച്ച സംഭവത്തിൽ സുൽത്താൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുൽത്താനെ അൻസിലും സംഘവും തടഞ്ഞു നിറുത്തി ആക്രമിച്ചത്.
ആക്രമണത്തിൽ സുൽത്താന്റെ വലതുകൈപ്പത്തിക്കും കാലിനും സാരമായ പരിക്കേറ്റിരുന്നു. സംഭവത്തിൽ മറ്റ് നാല് പ്രതികളെയും പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഒളിവിലായിരുന്ന അൻസിൽ എറണാകുളത്ത് ഒരു കഫേ ഷോപ്പിൽ ജോലിചെയ്യുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ വർക്കല എസ്.എച്ച്.ഒ പ്രവീണിന്റെ നിർദേശപ്രകാരം എസ്.ഐ അഭിഷേക്, എ.എസ്.ഐ ലിജോ ജോൺ ജോസ്, ഗ്രേഡ് എസ്.ഐ സലിം, എസ്.സി.പി.ഒ ഷിജു, സി.പി.ഒ ഫറൂഖ് എന്നിവരുൾപ്പെട്ട സംഘമാണ് പിടികൂടിയത്.