തിരുവനന്തപുരം: വ്യാജ രേഖയുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ ജോലിക്കു കയറാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. എഴുകോൺ ബദാം ജംക‍്ഷൻ രാഖി നിവാസിൽ ആർ.രാഖി (25) യാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
ശനിയാഴ്ച രാവിലെ കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ ഭർത്താവിന്റെ കുടുംബത്തോടൊപ്പം എത്തിയ രാഖി റവന്യു വകുപ്പിൽ ജോലി ലഭിച്ചതായുള്ള പിഎസ്‍സിയുടെ അഡ്വൈസ് മെമോ, കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ എൽഡി ക്ലാർക്കായി ജോലിയിൽ പ്രവേശിക്കാനുള്ള അപ്പോയ്മെന്റ് ലെറ്റർ എന്നിവ സഹിതമാണ് എത്തിയത്.
രേഖകൾ പരിശോധിച്ച താലൂക്ക് ഓഫിസ് അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് രേഖകൾ സ്വീകരിക്കാതെ പറഞ്ഞയയ്ക്കുകയായിരുന്നു. കരുനാഗപ്പള്ളി തഹസിൽദാർ ജില്ല കലക്ടർക്കും പിന്നീട് കരുനാഗപ്പള്ളി പൊലീസിലും പരാതി നൽകി.
പിന്നീട് രാഖിയും കുടുംബവും കൊല്ലത്തെ പിഎസ്‍സി റീജനൽ ഓഫിസിലെത്തി റാങ്ക് ലിസ്റ്റിൽ ആദ്യം പേരുണ്ടായിരുന്നുവെന്നും അഡ്വൈസ് മെമ്മോ പോസ്റ്റിൽ ലഭിച്ചെന്നും അവകാശവാദം ഉന്നയിച്ചു.
പുറത്തിറിങ്ങി മാധ്യമങ്ങളോട് പിഎസ്‍സി ഉദ്യോഗസ്ഥർ റാങ്ക് ലിസ്റ്റ് തിരുത്തിയ വിവരം അറിയിക്കുമെന്നും പറഞ്ഞു ബഹളമുണ്ടാക്കി. പിഎസ്‍സി റീജനൽ ഓഫിസർ ആർ.ബാബുരാജ്, ജില്ല ഓഫിസർ ടി.എ.തങ്കം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നു തെളിഞ്ഞു.
രാഖി കുറ്റം സമ്മതിച്ചതായും സർക്കാർ ജോലി ലഭിക്കാത്തതിലെ മാനസിക സംഘർഷത്തിൽ ചെയ്തതാണെന്ന് അവർ പറഞ്ഞതായും പൊലീസ് പറഞ്ഞു. ഭർത്താവിനും കുടുംബത്തിനും രേഖകൾ വ്യാജമായി നിർമിച്ചതാണെന്ന് അറിവില്ലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് പറഞ്ഞു