കിളിമാനൂർ : കടയുടെ മുന്നിൽ മാലിന്യം കൊണ്ടിടുന്നത് വിലക്കിയതിന് അതിക്രമിച്ചുകയറി ഉടമയെയും ജോലിക്കാരനെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.
പള്ളിക്കൽ മുക്കംകോട് വാഴവിള വീട്ടിൽ കൈസുദ്ദീൻ (61) ആണ് അറസ്റ്റിലായത്. പള്ളിക്കൽ കവലയിലുള്ള ഉണ്ണിക്കൃഷ്ണന്റെ പൂക്കടയിലാണ് കഴിഞ്ഞദിവസം പ്രതി അതിക്രമിച്ചുകയറി ഉണ്ണിക്കൃഷ്ണനെയും ജോലിക്കാരനായ പ്രദീഷിനെയും കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്.
ഇരുവരും ആശുപത്രിയിൽ ചികിത്സതേടി. കടയുടെ മുൻവശത്ത് മാലിന്യം കൊണ്ടിടുന്നത് പറഞ്ഞുവിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.