തിരുവനന്തപുരം : പാളയം ഗണപതിക്ഷേത്രത്തിൽ അലങ്കാരഗോപുരം ഒരുങ്ങുന്നു. പാളയം മുസ്‌ലിം പള്ളിയോടുചേർന്നുനിൽക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചുമതലയിലുള്ളതാണ് ഗണപതിക്ഷേത്രം. ഗോപുര നിർമാണത്തിന്റെ ഭാഗമായുള്ള തറക്കല്ലിടൽ ശനിയാഴ്ച നടന്നു.
ക്ഷേത്രത്തിലെ പൂജകൾക്കുശേഷം തന്ത്രി കണ്ഠരര് മോഹനരുടെ കാർമികത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ തറക്കല്ലിട്ടു.
യു.ഡി.എസ്. ഗ്രൂപ്പ് ആണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ അലങ്കാരഗോപുരം നിർമിച്ചുനൽകുന്നത്. 50 അടി നീളവും 20 അടി വീതിയിലും 50 അടി ഉയരത്തിലുമാണ് അലങ്കാര ഗോപുരം നിർമിക്കുന്നത്. ഇതിൽ 18 അടി പൊക്കത്തിലുള്ള ഗണപതിവിഗ്രഹവും ഉണ്ടാകും. ഏകദേശം 75 ലക്ഷം രൂപയാണ് ഗോപുരത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.