പേരൂർക്കട: ശക്തമായ കാറ്റിൽ റോഡരികിലെ മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികർക്ക് പരിക്ക്. നെടുമങ്ങാട് സ്വദേശി മധു(58), അന്യസംസ്ഥാന തൊഴിലാളി രഞ്ജിത്ത് റോയി (30) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷന് സമീപം ദൂരദർശൻ കേന്ദ്രം റോഡിലായിരുന്നു അപകടം. മുക്കോല ഭാഗത്ത് നിന്ന് സ്കൂട്ടറിൽ പേരൂർക്കടയിലേക്ക് വരികയായിരുന്നു ഇരുവരും.
ശക്തമായ കാറ്റിനെ തുടർന്ന് റോഡരുകിലെ മരുത് മരത്തിന്റെ വലിയൊരു ചില്ല ഒടിഞ്ഞ് ഇവരുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് മരക്കൊമ്പ് വലിച്ചുമാറ്റിയാണ് കുടുങ്ങിയവരെ പുറത്തെടുത്തത്.
തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രഞ്ജിത്തിന്റെ കാലിന് ഒടിവുണ്ട്. മധുവിന്റെ തോളിനാണ് പരിക്ക്. ഫയർഫോഴ്സും മണ്ണന്തല പൊലീസും ചേർന്ന് മരക്കൊമ്പ് മുറിച്ചുനീക്കി.