തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഔദ്യോഗിക ദുഖാചരണം നടക്കുന്നതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വിദ്യാർഥികൾ ഡിജെ പാർട്ടി സംഘടിപ്പിച്ചതായി പരാതി. മുൻ മെഡിക്കൽ കോളജ് വാർഡ് കൗൺസിലർ ജി.എസ്. ശ്രീകുമാറാണ് മുഖ്യമന്ത്രിക്ക് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്.
സർക്കാർ നിർദേശങ്ങൾ ലംഘിച്ച് കോളജിൽ ആഘോഷ പരിപാടികൾ നടത്തിയത് ഉമ്മൻ ചാണ്ടിയോടുള്ള കടുത്ത അനാദരമായതിനാൽ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
കോളജിൽനിന്ന് പാസായി പുറത്തിറങ്ങുന്ന 2017 എംബിബിഎസ് ബാച്ചിലെ വിദ്യാർഥികളാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. 17, 18, 19 തീയതികളിലായിരുന്നു പരിപാടി. ഉമ്മൻ ചാണ്ടി മരിച്ച 18ന് രാത്രിയിലാണ് സംഗീത പരിപാടി നടന്നത്.