തിരുവനന്തപുരം:ഇത്തവണത്തെ സംസ്ഥാന ചലചിത്ര പുരസ്കാരത്തിൽ മികച്ച ബാലതാരമായി(പെൺകുട്ടി )തിരഞ്ഞെടുക്കപ്പെട്ടത് തന്മയ സോളാണ്. തിരുവനന്തപുരം പട്ടം ഗവൺമെന്റ് എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് തന്മയ.
അവാർഡ് വിവരം അറിഞ്ഞ ഉടൻ തന്നെ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തന്മയയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. സ്കൂളിലെത്തി നേരിട്ട് കാണാമെന്നും മന്ത്രി അറിയിച്ചിരുന്നു.
ശനിയാഴ്ച രാവിലെ തന്നെ മന്ത്രി സ്കൂളിൽ എത്തി തന്മയയെ നേരിട്ട് കണ്ട് അഭിനന്ദനമറിയിച്ചു. പൊതുവിദ്യാഭ്യാസ മേഖലയുടെ അഭിമാനമാണ് തന്മയ എന്നും മന്ത്രി പറഞ്ഞു. തന്മയയെ ഷാളണിയിച്ച മന്ത്രി ഫലകവും സമ്മാനിച്ചു. സ്കൂളിലെ കൂട്ടുകാർ തന്മയയെ കരഘോഷങ്ങളോടെയാണ് വരവേറ്റത്.