തിരുവനന്തപുരം: മീഡിയം വേവ് പ്രസരണികളുള്ള സ്ഥലങ്ങളിലെ പ്രാദേശിക വിനോദ ചാനലുകളായ എഫ്.എം. സ്റ്റേഷനുകൾ നിർത്താൻ പ്രസാർഭാരതി. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തെ അനന്തപുരി എഫ്.എമ്മിന്റെ പ്രക്ഷേപണംനിർത്തി. കോഴിക്കോട് റിയൽ എഫ്.എം. നിലയവും വൈകാതെ നിലയ്ക്കും.
2005ൽ കേരളപ്പിറവി ദിനത്തിലാണ് മലയാള പരിപാടികൾക്ക് പ്രാധാന്യം നൽകി അനന്തപുരി എഫ്.എം പ്രവർത്തനം തുടങ്ങിയത്. പരിപാടികളിലെ ഗൗരവസ്വഭാവത്തിൽ വിട്ടുവീഴ്ചയില്ലാതെ ആകാശവാണി കർക്കശസ്വഭാവം തുടർന്നപ്പോൾ ചലച്ചിത്ര ഗാനങ്ങൾ, ഫോൺ ഇൻ പരിപാടികൾ, സംവാദ പരിപാടികൾ, വിനോദ-സാംസ്കാരിക പരിപാടികൾ തുടങ്ങി യുവാക്കളെ ലക്ഷ്യമിട്ടുള്ള പരിപാടികളുമായെത്തിയ അനന്തപുരി വേഗം ജനപ്രീതിയാർജിച്ചു.