തിരുവനന്തപുരം: നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ ‘കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷ’ന്റെയും ആലുവ രാജഗിരി ആശുപത്രിയുടേയും സംയുക്ത സംരംഭമായ ‘ആശ്വാസം’ പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല വിതരണോദ്ഘാടനം തിരുവനന്തപുരം, വെട്ടിനാട് എം.ജി.എം ട്രിനിറ്റി സ്കൂളിൽ നടന്നു.
എം.ജി.എം ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ പദ്ധതിയുടെ വിതരണോദ്ഘാടനം മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബുവിന് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി നിർവഹിച്ചു.
‘കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ’ വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ ചെയർമാനായുള്ള സംരംഭമാണ് എം.ജി.എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ജയനും ഓക്സിജൻ കോൺസെൻട്രേറ്റർ ഏറ്റുവാങ്ങി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള വിവിധതരം ജീവകാരുണ്യ പ്രവർത്തനങ്ങൾ വളരെയേറെ വർഷങ്ങളായി ജനങ്ങളിലേക്ക് എത്തുകയും അത് വളരെയേറെ പ്രയോജനകരമായി തീരുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനം അർഹിക്കുന്നവയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓക്സിജൻ സിലിണ്ടറുകൾ ആവശ്യമായി വരുന്ന കിടപ്പു രോഗികൾക്കും അവരെ പരിചരിക്കുന്ന സ്ഥാപനങ്ങൾക്കും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സൗജന്യമായി നൽകുന്ന പദ്ധതിയാണ് ‘ആശ്വാസം’.