തിരുവനന്തപുരം : കാർഗിൽ യുദ്ധത്തിൻ്റെ 24ാം വാർഷികത്തിൽ സൈനികരെ ആദരിച്ച് ലുലു മാളിലെ കാര്‍ഗില്‍ വിജയോത്സവ്. മാളിലെ ഗ്രാന്‍ഡ് ഏട്രിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ കാര്‍ഗില്‍ യുദ്ധത്തിലെ ധീര ജവാനും പരം വീര്‍ ചക്ര ജേതാവുമായ സുബേദാര്‍ മേജര്‍ ആൻഡ് ഓണററി ക്യാപ്റ്റന്‍ യോഗേന്ദ്ര സിംങ് യാദവിനെ ആദരിച്ചു.
കാര്‍ഗില്‍ യുദ്ധവിജയത്തിന്‍റെ 24ആം വാര്‍ഷികദിനത്തിന്‍റെ ഭാഗമായി അദ്ദേഹം സന്ദേശം നല്‍കി.കാര്‍ഗില്‍ യുദ്ധത്തിലെ രക്തസാക്ഷികളായ ജവാന്മാരുടെ ഉറ്റവരായ വീര്‍ നാരീസിനും ചടങ്ങില്‍ ആദരം നല്‍കി.
നാല് വീര്‍ നാരീസാണ് വിജയോത്സവിന്‍റെ ഭാഗമാകാന്‍ എത്തിയിരുന്നത്. പാങ്ങോട് മിലിട്ടറി സ്റ്റേഷനുമായി സഹകരിച്ചാണ് ലുലു മാളില്‍ കാര്‍ഗില്‍ വിജയോത്സവ് സംഘടിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന വിജയോത്സവിൽ സൈനിക ആയുധങ്ങളുടെയും വാഹനങ്ങളുടെയും വിപുലമായ പ്രദര്‍ശനം ഒരുക്കിയിരുന്നു.
ചടങ്ങില്‍ സന്നിഹിതരായിരുന്ന പാങ്ങോട് മിലിട്ടറി സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ലളിത് ശര്‍മ്മയെയും മറ്റ് സൈനിക ഉദ്യോഗസ്ഥരെയും പ്രത്യേകം ആദരിച്ചു. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍ അടക്കമുള്ളവരും സന്നിഹിതരായിരുന്നു. തുടര്‍ന്ന് കരസേനയുടെ പൈപ്പ് ബാന്‍ഡ് പ്രകടനം നടന്നു.