തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നും 4 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു വന്ന കേസിൽ 2 പേർ പിടിയിൽ.ചിറയിൻകീഴിൽ വച്ചാണ് ഇവരെ പിടി കൂടിയത്. നാടോടികളായ നാരായണൻ, ശാന്തി എന്നിവരാണ് പൊലീസ് പിടിയിലായത്. കുട്ടിയെ ഭിഷാടനത്തിനായാണ് കടത്തിയതെന്നാണ് നിഗമനം. തമിഴ്നാട് പൊലീസിന് പ്രതികളെ കൈമാറി.
ഇവർ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുട്ടിയെ തട്ടിയെടുത്ത് കടന്നു കളഞ്ഞത്. സംഭവം നടന്നത് നഗർകോവിൽ വടശേരി പൊലീസ് സ്റ്റേഷനിലാണ്. വടശേരി ബസ് സ്റ്റാൻഡിൽ ഉറങ്ങുകയായിരുന്ന മറ്റൊരു നാടോടി ദമ്പതികളുടെ കുഞ്ഞിനെ ഇവർ തട്ടിയെടുക്കുകയായിരുന്നു. ശേഷം ഏറനാട് എക്സ്പ്രസിൽ തിരുവനന്തപുരത്ത് എത്തി. തുടർന്ന് തമിഴ്നാട് പൊലീസ് കേരള പൊലീസിന് വിവരം കൈമാറിയിരുന്നു.
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടെയാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വെച്ച് സംശയം തോന്നിയ കുഞ്ഞിനെ പരിശോധിച്ചത്. തട്ടിക്കൊണ്ടു വന്ന കുഞ്ഞാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു