പോത്തൻകോട് : ബസ് യാത്രക്കാരിൽ നിന്നും പണവും സ്വർണാഭരണങ്ങളും കവർച്ച ചെയ്യുന്ന സംഘത്തിൽപ്പെട്ട തമിഴ്നാട് രാജപാളയം സ്വദേശി ഐശ്വര്യ ( 21) യെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് സ്വദേശിനികളായ രണ്ടു സ്ത്രീകൾ കൂടി ഐശ്വര്യയ്ക്കൊപ്പം ഉണ്ടായിരുന്നതായും പറയുന്നു. രക്ഷപ്പെട്ട ഇവക്കായി അന്വേഷണം നടത്തുന്നു. വേറ്റിനാട് മണ്ഡപം തെക്കേക്കോണത്തു വീട്ടിൽ ആർ. വസന്താമ്മ ( 65)യുടെ രണ്ടര പവൻ സ്വർണമാലയാണ് കവർന്നത്.
തിങ്കളാഴ്ച ഉച്ചയോടെ വേറ്റിനാട് ജംക്‌ഷനിൽ നിന്ന് ബസിൽ കയറി വെമ്പായം ഭാഗത്തേക്കു പോകവേ പിന്നിൽ നിന്നും ആരോ ശക്തമായി കഴുത്തിൽ അടിച്ചിരുന്നു.
ബസിൽ നിന്നും ഇറങ്ങിയ ശേഷമാണ് മാല നഷ്ടപ്പെട്ടതായി ഇവർ അറിയുന്നത്. തുടർന്ന് വട്ടപ്പാറ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാവിലെ 8.35 ഓടെ വെഞ്ഞാറമ്മൂട് നിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന ബസിനുള്ളിലും സമാന സംഭവം നടന്നു.
കുതിരകുളം ഗാന്ധി നഗർ ലക്ഷ്മി ഭവനിൽ ആർ.രേഷ്മ (19 )യെ ബസിനുള്ളിൽ തള്ളിയിട്ട് ബാഗിൽ നിന്നും പഴ്സ് എടുക്കവേയാണ് ഐശ്വര്യ പിടിയിലാകുന്നത്. തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ വട്ടപ്പാറ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു