വർക്കല : യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി, വർക്കല തിരുവമ്പാടി ഗുലാബ് മൻസിലിൽ ഷാജി(ഫാന്റം പൈലി-40) അറസ്റ്റിൽ. കുരയ്ക്കണ്ണി കുറ്റിക്കാട്ട് ക്ഷേത്രത്തിനു സമീപം പരുന്തൻവിളാകംവീട്ടിൽ തൗഫീഖിനെ(35)യാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.
കഴിഞ്ഞ 22-ന് വൈകീട്ട് 6.30-ഓടെ കുരയ്ക്കണ്ണി ബ്യൂറോമുക്കിലായിരുന്നു സംഭവം. റോഡരികിൽനിന്ന തൗഫീഖിനെ ബൈക്കിൽ മറ്റു രണ്ടുപേർക്കൊപ്പം എത്തിയ ഷാജി വെട്ടുകത്തികൊണ്ട് കഴുത്തിനു വെട്ടുകയായിരുന്നു. ഇതുതടഞ്ഞപ്പോൾ തൗഫീഖിന്റെ വലതുകൈയിൽ വെട്ടേറ്റു. വെട്ടേറ്റ് കൈയെല്ലിനു പൊട്ടലുമുണ്ടായി.
വ്യക്തിവിരോധമാണ് അക്രമത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ഷാജിക്കൊപ്പമുണ്ടായിരുന്ന അരുവിക്കര ഇരുമ്പ മുതലത്തുവീട്ടിൽ അനിൽകുമാറിനെ (48) സംഭവദിവസം അറസ്റ്റു ചെയ്തിരുന്നു. സംഭവത്തിനുശേഷം കോട്ടയം ഇളമ്പ്രക്കാട് വനത്തിലൊളിച്ച ഷാജിയെ കോട്ടയത്തുനിന്നാണ് പിടികൂടിയതെന്ന് പോലീസ് പറയുന്നു