തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത യുവാവിനെ മർദ്ദിച്ച കണ്ടക്ടർ പിടിയിൽ. വെള്ളറട ഡിപ്പോയിലെ കണ്ടക്ടർ സുരേഷ് കുമാറാണ് അറസ്റ്റിലായത്.
കാട്ടാക്കട ബസ് ഡിപ്പോയിൽ വെച്ചായിരുന്നു ഇയാൾ വെങ്ങാനൂർ സിസിലിപുരം സ്വദേശിയായ ഋതിക് കൃഷ്ണ(23)നെ മർദ്ദിച്ചത്. സംഭവസമയം ഡിപ്പോയിലുണ്ടായിരുന്ന യാത്രക്കാരിലൊരാൾ പകർത്തിയ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ കൂടി കണക്കിലെടുത്താണ് പ്രതി പിടിയിലായത്.
തിരുവനന്തപുരത്ത് നിന്ന് വെള്ളറട ഡിപ്പോയിലേയ്ക്ക് പുറപ്പെട്ട ബസിലായിരുന്നു യുവാവും പെൺസുഹൃത്തുമുണ്ടായിരുന്നത്. ബസ് കാട്ടാക്കട ഡിപ്പോയിലെത്തിയ സമയം കണ്ടക്ടറായ സുരേഷ് കുമാർ യുവാവിന്റെ ചെവിയിലെത്തി അനാവശ്യം പറയുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് മർദ്ദിച്ചത്.
ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് ഋതിക്കിന്റെ തലയിൽ അടിക്കുകയും ഷർട്ടിൽ വലിച്ച് താഴെയിട്ട് മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തെത്തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുള്ളിൽ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
സുരേഷ് കുമാറിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും ഋതിക് കൃത്യനിർവഹണം തടസപ്പെടുത്തിയെന്നായിരുന്നു വാദം. എന്നാൽ മർദ്ദനത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ച പൊലീസ് ആശുപത്രിയിലെത്തി ഋതിക്കിൽ നിന്ന് മൊഴി രേഖപ്പെടുത്തി. പിന്നാലെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.